ഡ്രൈവിംഗിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച ബ്രിട്ടീഷ് കൊളംബിയയിലെ ഊബര്‍ ഈറ്റ്‌സ് ഡ്രൈവര്‍ക്ക് 295 ഡോളര്‍ പിഴ ചുമത്തി. സുപ്രീംകോടതിയില്‍ വരെ അപ്പീല്‍ പോയ കേസിനാണ് ഒടുവില്‍ വിരാമമായത്. അശ്രദ്ധമായി വാഹനമോടിച്ചതിന് വാസി വിര്‍ദ എന്നയാള്‍ക്കെതിരെയാണ് പിഴ ചുമത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 214.2(1) പ്രകാരം വാഹനമോടിക്കുമ്പോള്‍ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചതിന് 2024 ജൂലൈ 31 നാണ് വിര്‍ദയ്‌ക്കെതിരെ കേസെടുത്തത്.
ട്രാഫിക് ലൈറ്റിന് സമീപം വാഹനം നിര്‍ത്തിയപ്പോള്‍ വിര്‍ദ ഫോണിന്റെ സ്‌ക്രീനില്‍ രണ്ട് തവണ ടാപ്പ് ചെയ്യുന്നതായി കണ്ടതായാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി. അതേസമയം, താന്‍ ഒരു തവണ മാത്രമാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് വിര്‍ദ പറയുന്നു. ഭക്ഷണത്തിന്റെ ഓര്‍ഡര്‍ വന്നപ്പോള്‍ ഓഫര്‍ ലഭിക്കാന്‍ കമ്പനി ആപ്പില്‍ നോക്കിയതെന്നാണ് വിര്‍ദയുടെ വാദം.
വിര്‍ദ ആപ്പ് ഉപയോഗിക്കുന്നതിലും പ്രതികരിക്കാന്‍ സ്‌ക്രീനില്‍ ടച്ചു ചെയ്യുന്നതിലും തര്‍ക്കമില്ലെന്ന് ജസ്റ്റിസ് W.A ബേക്കര്‍ വിചാരണവേളയില്‍ പറഞ്ഞു. എന്നാല്‍ നിയമ ലംഘനം നടത്തിയതിനാല്‍ വിര്‍ദ കുറ്റക്കാരനാണെന്നും പിഴ അടയ്ക്കണമെന്നും ബേക്കര്‍ പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളില്‍ 295 ഡോളര്‍ പിഴയായി വിര്‍ദ അടയ്ക്കണം. ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്നതിനുള്ള പിഴ 320 ഡോളര്‍ ആണെങ്കിലും 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് അടക്കാന്‍ സാധിച്ചാല്‍ 295 ഡോളര്‍ പിഴ അടച്ചാല്‍ മതി. അതേസമയം, കേസില്‍ കക്ഷിയല്ലാത്തതിനാല്‍ നേരിട്ട് പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് ഊബര്‍ അറിയിച്ചു.