കാനഡയിൽ നിന്നുള്ള കയറ്റുമതിക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി നടപ്പായാൽ ഒൻ്റാരിയോയിൽ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാമെന്ന് പ്രീമിയർ ഡോ ഫോർഡ്. അതിനാൽ ഫെഡറൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട് യുക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രംപിൻ്റെ ഭീഷണി നടപ്പിലായാൽ അത് ഒൻ്റാരിയോയുടെ സമ്പദ് വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. അതിനാൽ ട്രംപിൻ്റെ നികുതി നടപ്പിലായാൽ എങ്ങനെ പ്രതികരിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നും ഫോർഡ് അറിയിച്ചു. ബുധനാഴ്ച 13 പ്രീമിയർമാരും ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ഒറ്റക്കെട്ടായൊരു തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും ഫോർഡ് പറഞ്ഞു. അതിർത്തി വഴി അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാൻ കനേഡിയൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്നായിരുന്നു ട്രംപിൻ്റെ പ്രധാന ആരോപണം. ഇതിനു ശേഷവും അതിർത്തി സുരക്ഷയ്ക്കായി കനേഡിയൻ സർക്കാർ വേണ്ട നടപടിയെടുക്കുന്നില്ലെന്നും ഡോ ഫോർഡ് ആരോപിച്ചു.