താൽക്കാലിക താമസക്കാരുടെ കുടുംബാംഗങ്ങൾക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റിൽ മാറ്റങ്ങളുമായി കാനഡ സർക്കാർ. താൽക്കാലിക റസിഡൻ്റ് പ്രോഗ്രാമുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ഇത്. പുതിയ തീരുമാനത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്കുള്ള ഓപ്പൺ വർക്ക് പെർമിറ്റിനുള്ള യോഗ്യതകളിൽ മാറ്റം വരുത്തും. ജനുവരി 21 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
പുതിയ മാറ്റം അനുസരിച്ച് എല്ലാ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും ജീവിതപങ്കാളികൾക്ക് ഒഡ്ബ്ല്യൂപിയ്‌ക്ക് അപേക്ഷിക്കാൻ കഴിയില്ല. മറിച്ച് 16 മാസമോ അതിൽ കൂടുതലോ ഉള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ, ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് എൻറോൾ ചെയ്ത അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും ജീവിതപങ്കാളികൾക്ക് ഒഡ്ബ്ല്യൂപിയ്‌ക്ക് അപേക്ഷിക്കാൻ കഴിയൂ. തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചില പ്രൊഫഷണൽ പ്രോഗ്രാമുകൾക്ക് എൻറോൾ ചെയ്തവരും അപേക്ഷിക്കാവുന്നവരുടെ വിഭാഗത്തിൽപ്പെടും. TEER പൂജ്യം,ഒന്ന് വിഭാഗങ്ങളിൽപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ട വിദേശികളുടെ ജീവിത പങ്കാളികൾക്കും ഒഡ്ബ്ല്യൂപിയ്‌ക്ക് അപേക്ഷിക്കാം. TEER രണ്ട്, മൂന്ന് വിഭാഗങ്ങളിൽപ്പെട്ട തൊഴിലുകൾ ചെയ്യുന്ന ചില വിദേശികളുടെ പങ്കാളകൾക്കും ഒഡ്ബ്ല്യൂപി അനുവദിക്കും.