ഡൗണ്‍ടൗണ്‍ കാല്‍ഗറിയില്‍ 34 വയസ്സുള്ള യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. കാല്‍ഗറി സ്വദേശി സാമുവല്‍ മുലുഗെറ്റയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 5 സ്ട്രീറ്റ് SW, 7 അവന്യുവിലുള്ള നടപ്പാതയില്‍ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ നിലയില്‍ മുലുഗെറ്റയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റാണ് മുലുഗെറ്റ മരിച്ചതെന്ന് ചൊവ്വാഴ്ച നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കവര്‍ച്ച നടക്കുന്നതിനിടെയാണ് മുലുഗെറ്റയ്ക്ക് മര്‍ദ്ദനമേറ്റതെന്നും മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു.
മുലുഗെറ്റയെ ലക്ഷ്യംവെച്ചുള്ള ആക്രമണമായിരുന്നു ഇതെന്നും മുലുഗെറ്റയും പ്രതികളും തമ്മില്‍ പരസ്പരം അറിയാമെന്നാണ് കരുതുന്നതെന്നും വിശ്വസിക്കുന്നതായി പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന് പ്രതികളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
മുലുഗേറ്റയുമായി ഞായറാഴ്ച അവസാനമായി ബന്ധപ്പെട്ടവരുടെ മൊഴി എടുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ പോലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.