ന്യൂയോര്‍ക്ക്: പ്രമുഖ സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളായ കാന്‍ഡി ക്രഷ് സാഗ, ടിന്‍ഡര്‍ എന്നിവയിലെയടക്കം ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഡാറ്റാ ബ്രോക്കര്‍ കമ്പനിയായ ഗ്രേവി അനലിറ്റിക്സ് വഴി ചോര്‍ന്നു. യൂസര്‍മാരില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ആപ്പുകള്‍ ഗ്രേവി അനലിറ്റിക്സ് പോലുള്ള കമ്പനികള്‍ക്ക് മറിച്ചുനല്‍കുന്നതായുള്ള വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിങ്ങനെ രണ്ട് പ്ലാറ്റ്‌ഫോമുകളിലുമുള്ള സ്‌മാര്‍ട്ട്ഫോണ്‍ ആപ്പുകളില്‍ നിന്നും ഗ്രേവി അനലിറ്റിക്സ് വഴി ചോര്‍ന്ന കോടിക്കണക്കിന് ലൊക്കേഷന്‍ വിവരങ്ങള്‍ കൈവശമുണ്ടെന്ന് ഹാക്കര്‍ അവകാശപ്പെട്ടു.
വിശ്വസനീയമെന്ന് ഉപയോക്താക്കള്‍ കരുതുന്ന പല ഫോണ്‍ ആപ്പുകളും സുരക്ഷിതമല്ല എന്ന വിവരം 404 മീഡിയ പബ്ലിക്കേഷനാണ് പുറത്തുവിട്ടതെന്ന് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ പ്രധാന ലൊക്കേഷന്‍ ഡാറ്റാ ഇടനിലക്കാരായ ഗ്രേവി അനലിറ്റിക്സിലുണ്ടായ ഏറ്റവും പുതിയ ഡാറ്റാ ലീക്കിലെ വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. റിയല്‍-ടൈം ലൊക്കേഷന്‍ കൈക്കലാക്കി പ്രമുഖ ആപ്ലിക്കേഷനുകളില്‍ പലതും യൂസര്‍മാരുടെ വിവരങ്ങള്‍ അടിച്ചുമാറ്റുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ വിവിധ ആപ്പുകള്‍ ശേഖരിച്ച വിവരങ്ങള്‍ ഗ്രേവി അനലിറ്റിക്‌സ് സ്വന്തമാക്കുകയും പിന്നാലെ ഹാക്കറുടെ കൈവശമെത്തുകയുമായിരുന്നു. ഈ ഡാറ്റാ ലീക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെങ്കിലും പ്രമുഖ ആപ്പുകളടക്കം ചാരപ്പണി നടത്തുന്നു എന്ന കണ്ടെത്തല്‍ ഗുരുതമാണ്.
ഗ്രേവി അനലിറ്റിക്സിലുണ്ടായ വിവര ചോര്‍ച്ചയെ കുറിച്ച് ചില സൂചനകള്‍ ഒരു ഹാക്കര്‍ പുറത്തുവിട്ടു. ഈ ഡാറ്റയിലാണ് കാന്‍ഡി ക്രഷ് സാഗ, ടിന്‍ഡര്‍ എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഗ്രേവി അനലിറ്റിക്സില്‍ നിന്ന് അനേകം ടിബി ഉപഭോക്തൃ വിവരങ്ങള്‍ ഹാക്കര്‍ കൈക്കലാക്കി എന്നാണ് വിവരം. ഇത്തരത്തില്‍ 30 ദശലക്ഷത്തിലധികം (മൂന്ന് കോടി) ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ വൈറ്റ് ഹൗസ്, വത്തിക്കാന്‍ സിറ്റി, ലോകത്തെ വിവിധ സൈനിക താവളങ്ങള്‍ എന്നിവിടങ്ങളിലെ ഡാറ്റയുമുണ്ട് എന്നാണ് അനുമാനം. ആമസോണ്‍ ക്ലൗഡ് വഴിയാണ് ഈ വിവരങ്ങള്‍ ഹാക്കറുടെ പക്കലെത്തിയത്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനുമതിയില്ലാതെ വിറ്റതിന് ഗ്രേവി അനലിറ്റിക്‌സിനെ അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന്‍ വിലക്കിയതിന് പിന്നാലെയാണ് വിവര ചോര്‍ച്ചയുണ്ടായത് എന്നത് ശ്രദ്ധേയമാണ്.