ഗ്വാള്‍ഫ് യൂണിവേഴ്‌സിറ്റിയില്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ കേസുകള്‍ വര്‍ധിക്കുന്നു; 234 പേര്‍ക്ക് രോഗം, ഒരാള്‍ക്ക് നോറോവൈറസ് സ്ഥിരീകരിച്ചു 

By: 600002 On: Jan 14, 2025, 11:00 AM

 

 

സതേണ്‍ ഒന്റാരിയോയിലെ ഗ്വള്‍ഫ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ 234 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഒരാള്‍ക്ക് നോറോവൈറസ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വെല്ലിംഗ്ടണ്‍-ഡഫറിന്‍-ഗ്വള്‍ഫ് പബ്ലിക് ഹെല്‍ത്ത് തിങ്കളാഴ്ചയോടെ കേസുകളുടെ എണ്ണം സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്ത് ഒരാഴ്ച മുമ്പ് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുറഞ്ഞത് 60 കേസുകള്‍ പബ്ലിക് ഹെല്‍ത്ത് റിപ്പോര്ട്ട് ചെയ്തു. വെള്ളിയാഴ്ചയോടെ കേസുകളുടെ എണ്ണം 190 ആയി ഉയര്‍ന്നു. കേസുകളില്‍ ഭൂരിഭാഗവും സൗത്ത് റെസിഡന്‍സിലാണെന്ന് സര്‍വകലാശാല അറിയിച്ചു. എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്കും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

രോഗബാധ നേരിടാന്‍ പബ്ലിക് ഹെല്‍ത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു. നോറോവൈറസിനെ നശിപ്പിക്കാന്‍ തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കസ്‌റ്റോഡിയല്‍ സ്റ്റാഫ് ഡോര്‍നോബുകളും ശുചിമുറികളും പോലുള്ള സാധാരണ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞയാഴ്ച നോറോവൈറസ് കേസുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതായാണ് കണക്കുകളെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പറഞ്ഞു. വിന്റര്‍ സീസണില്‍ വയറിളക്കം, ഛര്‍ദ്ദി എന്നിവയുടെ സാധാരണ കാരണങ്ങളിലൊന്നാണ് നോറോ വൈറസ്. 

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കകുലരാണെന്ന് യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് നേറ്റ് ബ്രോട്ടണ്‍ പറഞ്ഞു. രോഗ ബാധയില്‍ നിന്നും എങ്ങനെ സുരക്ഷിതരായിരിക്കാം, പടരാതെ എങ്ങനെ നിയന്ത്രിക്കാം എന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നടത്തിയിട്ടുണ്ടെന്നും രോഗ ബാധ തടയുന്നതിനും പരിഹരിക്കുന്നതിനും പബ്ലിക് ഹെല്‍ത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.