കാനഡയിൽ നൊറോവൈറസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. പ്രായമായവരിലും ചെറിയ കുട്ടികളിലുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളതെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കൊവിഡ് വൈറസിന് ശേഷം ഏറ്റവുമധികം പടർന്നു പിടിക്കുന്ന രോഗങ്ങളിൽ ഒന്നായി നൊറോവൈറസ് മാറിയിരിക്കുന്നതായി ഹാമിൽട്ടണിലെ സെൻ്റ് ജോസഫ്സ് ഹെൽത്ത്‌കെയറിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ. സൈൻ ചാഗ്ല പറയുന്നു. ശീതകാലമായതോടെ രോഗം കൂടുതലായി കാണുന്നതായും അദ്ദേഹം പറഞ്ഞു. BC സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നത് പ്രകാരം ശീതകാലത്തും വസന്തത്തിൻ്റെ തുടക്കത്തിലും വീട്ടിനുള്ളിൽ ആളുകൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുമ്പോഴാണ് ഈ രോഗം കൂടുതൽ പടരുന്നത്. ഛർദ്ദി, വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവയാണ് നോറോവൈറസ് ലക്ഷണങ്ങൾ. രോഗം ബാധിച്ച വ്യക്തികളുമായോ മലിനമായ പ്രതലങ്ങളുമായോ ആളുകൾ അടുത്തിടപഴകുമ്പോഴാണ് രോഗം സാധാരണയായി പടരുന്നത്.