എല്ലാവരെയും തങ്ങളുടെ സ്റ്റോറുകളിലേക്ക് ക്ഷണിക്കുന്ന നയം പുതുക്കുകയാണെന്ന് സ്റ്റാര്‍ബക്‌സ്. വിവേചനം, ഉപദ്രവം, പുറത്തുനിന്നുള്ള മദ്യപാനം, പുകവലി, വേപ്പിംഗ്, മയക്കുമരുന്ന് ഉപയോഗം, പാന്‍ഹാന്‍ഡ്‌ലിംഗ് തുടങ്ങിയ നിരോധിക്കുന്നതിനായാണ് പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നതെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള എല്ലാ നോര്‍ത്ത് അമേരിക്കന്‍ സ്‌റ്റോറുകളിലും ഇത് അവതരിപ്പിക്കും. പണം നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സഹായിക്കുന്നതിനാണ് പുതിയ നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സ്റ്റാര്‍ബക്‌സ് വക്താവ് ജാസി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. മറ്റ് മിക്ക റീട്ടെയ്‌ലര്‍മാര്‍ക്കും ഇതിനകം സമാനമായ നിയമങ്ങളുണ്ടെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. പുതിയ പെരുമാറ്റച്ചട്ടത്തില്‍ സ്റ്റാര്‍ബക്‌സില്‍ ഹാംഗ്ഔട്ട് ചെയ്യാനോ റെസ്റ്റ്‌റൂം ഉപയോഗിക്കാനോ എന്തെങ്കിലും പണം കൊടുത്ത് വാങ്ങേണ്ടി വരും.
നിയമം ലംഘിക്കുന്നവരെ സ്‌റ്റോറില്‍ നിന്നും പുറത്താക്കാന്‍ പെരുമാറ്റച്ചട്ടം മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യമെങ്കില്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് നിയമപാലകരെ സഹായത്തിനായി വിളിക്കാം. പുതിയ നയം നടപ്പിലാക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
സ്‌റ്റോറുകളിലെ ജീവനക്കാരോടും ഉപഭോക്താക്കളോടും അപമര്യാദയായി സ്റ്റോറിലെത്തുന്ന ചിലര്‍ പെരുമാറുന്നതിനെ തുടര്‍ന്നാണ് പുതിയ നയം രൂപീകരിച്ചത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് പരിഗണന നല്‍കിയാണ് നയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ, സ്റ്റാര്‍ബക്‌സ് ശൃംഖലയുടെ ഇടിവ് നേരിട്ട വില്‍പ്പനയെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ചെയര്‍മാനും സിഇഒയുമായ ബ്രയാന്‍ നിക്കോളിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നയ രൂപീകരണം.