ലോസ് ഏഞ്ചൽസ് അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാട്ടുതീയുമായി പോരാടുമ്പോൾ, അത് വരാനിരിക്കുന്ന വലിയ പ്രതിസന്ധിയുടെ സൂചനയെന്ന് വിഗദ്ധർ. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഭാഗമാണ് ലോസ് ആഞ്ജലസിലും കാനഡയിലമടക്കം വ്യാപകമാകുന്ന കാട്ടു തീയെന്നും വിദഗ്ധർ പറയുന്നു.
കഴിഞ്ഞ വർഷം മാത്രം, ഏതാണ്ട് 6,000ളം കാട്ടുതീയാണ് കാനഡയിൽ ഉണ്ടായത്. തീപിടിത്തങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് കാലാവസ്ഥാ വിദഗ്ധനും വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഗോർഡൻ മക്‌ബീൻ പറയുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തീവ്രമായ കാലാവസ്ഥാ വ്യതിയാനം ആയിരിക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം പറയുന്നു. ലോകമെമ്പാടും താപനില വർദ്ധിക്കുകയാണ്. ഭൂമി ചൂടുപിടിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് ജപ്പാനിലെ ദേശീയ കാലാവസ്ഥാ ഏജൻസിയുടെ സമീപകാല റിപ്പോർട്ടും പറയുന്നു. 2024-ൽ ഭൂമി അതിൻ്റെ എക്കാലത്തെയും ചൂടേറിയ വർഷമായാണ് രേഖപ്പെടുത്തപ്പെട്ടത്. കാനഡയെ ആഗോള ശരാശരിയേക്കാൾ കൂടുതലായി ചൂട് ബാധിക്കുന്നുണ്ടെന്ന് മക്ബീൻ മുന്നറിയിപ്പ് നൽകുന്നു. കനേഡിയൻ താപനിലയിലെ മാറ്റങ്ങൾ ആഗോള ശരാശരിയുടെ ഇരട്ടിയോളം ആണ്. 2024 ജൂണിൽ ഒൻ്റാറിയോ, ക്യൂബെക്ക്, അറ്റ്ലാൻ്റിക് തീരം എന്നിവിടങ്ങളിൽ റെക്കോർഡ് ഉഷ്ണതരംഗമാണ് ഉണ്ടായത്.