ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സ്‌റ്റോറിലേതിനേക്കാള്‍ അമിത നിരക്ക്; കോസ്റ്റ്‌കോയ്‌ക്കെതിരെ കേസ്; ഉപഭോക്താക്കള്‍ക്കും കക്ഷി ചേരാം 

By: 600002 On: Jan 13, 2025, 11:55 AM

 


ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സ്റ്റോറുകളിലേതിനേക്കാള്‍ വില ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ റീട്ടെയ്ല്‍ ഭീമന്‍ കോസ്റ്റ്‌കോയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. ക്യുബെക്ക് ആസ്ഥാനമായുള്ള നിയമസ്ഥാപനമായ പെരിയര്‍ അറ്റോണീസ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 'ഡബിള്‍ ടിക്കറ്റിംഗ്' എന്ന് വിളിക്കപ്പെടുന്ന ഈ സമ്പ്രദായം കോമ്പറ്റീഷന്‍ ആക്ടിന്റെ 54 ആം വകുപ്പ് ലംഘിക്കുന്നതാണെന്ന് സ്ഥാപനം ചൂണ്ടിക്കാട്ടി. ഫെഡറല്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച ഈ കേസ്, പ്രതിയായ കോസ്റ്റ്‌കോ ഹോള്‍സെയില്‍ കാനഡ വാഗ്ദാനം ചെയ്യുന്ന നിരവധി ഉല്‍പ്പന്നങ്ങളുടെ ഡബിള്‍ ലേബലിംഗ് അടിസ്ഥാനമാക്കിയാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 

ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങളുടെ നിരക്കുകള്‍ സംബന്ധിച്ച് തെറ്റായ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഉപഭോക്താക്കള്‍ക്ക് കോസ്റ്റ്‌കോ നല്‍കുന്നതെന്നും ആരോപണമുണ്ട്. ഓണ്‍ലൈനിലുള്ള അതേ ഉല്‍പ്പന്നം സ്റ്റോറിലും ലഭ്യമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും ഇവര്‍ വാദിക്കുന്നു. 

കേസ് നല്‍കുന്നതില്‍ കോസ്റ്റ്‌കോയില്‍ നിന്നും ഉല്‍പ്പന്നം വാങ്ങി കബളിപ്പിക്കപ്പെട്ട കാനഡയിലെ ഏത് ഉപഭോക്താക്കള്‍ക്കും പങ്കുചേരാമെന്നും പെരിയര്‍ അറ്റോണിസ് പറയുന്നു. ലോ സ്യൂട്ട് സാക്ഷിപ്പെടുത്തിയാല്‍ 2022 ഡിസംബര്‍ 23 മുതല്‍ കോസ്റ്റ്‌കോയുടെ വെബ്‌സൈറ്റിലോ ആപ്പിലോ പര്‍ച്ചേസ് നടത്തിയ എല്ലാ കനേഡിയന്‍ ഉപഭോക്താക്കളും സ്‌റ്റോറുകളിലെ വിലയേക്കാള്‍ ഉയര്‍ന്ന വില ഓണ്‍ലൈനില്‍ നല്‍കിയവര്‍ക്കും ഇതില്‍ ചേരാം.