കാലിഫോര്‍ണിയ കാട്ടുതീ: മരണം 24, 16 പേരെ കാണാതായി; തീ മറ്റിടങ്ങളിലേക്കും പടരുമെന്ന് മുന്നറിയിപ്പ് 

By: 600002 On: Jan 13, 2025, 10:51 AM

 

 


മഹാദുരന്തമായി മാറിയ ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 16 ഓളം പേരെ കാണാതായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇനിയും ഉയര്‍ന്നേക്കാം. മരണസംഖ്യയും ഉയര്‍ന്നേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍. ഈ ആഴ്ച കാറ്റ് ശക്തമായി വീശുന്നതോടെ നിലവിലെ അവസ്ഥ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെയും മറ്റ് വിദഗ്ധരുടെയും പ്രവചനം. 

50 mph(80 kph)  വേഗതയിലും ഉയര്‍ന്ന പര്‍വ്വത മേഖലകളില്‍ 70 mph( 113 kph)  വരെയും കാറ്റ് വീശുന്നതിനാല്‍ നാഷണല്‍ വെതര്‍ സര്‍വീസ് ബുധനാഴ്ച വരെ കനത്ത തീപിടുത്ത സാധ്യതയ്ക്ക് റെഡ് ഫ്‌ളാഗ് വാണിംഗ് നല്‍കിയിട്ടുണ്ട്. ഏറ്റവും അപകടകരമായ ദിവസം ചൊവ്വാഴ്ചയായിരിക്കുമെന്ന് വെതര്‍ സര്‍വീസ് മീറ്ററോളജിസ്റ്റ് റിച്ച് തോംസണ്‍ പറഞ്ഞു. കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 

ആയിരക്കണക്കിന് കെട്ടിടങ്ങളാണ് കാട്ടുതീയില്‍ നശിച്ചത്. ആയിരക്കണക്കിന് പേരെ ഇതുവരെ ഒഴിപ്പിച്ചു. തിങ്കളാഴ്ചയോടെ ഏകദേശം 150000 ആളുകള്‍ക്ക് പലായനം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയ കൂടാതെ മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളിലെ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കാനഡയില്‍ നിന്നും നിരവധി അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കാലിഫോര്‍ണിയയില്‍ എത്തിയിട്ടുണ്ട്. 

കാട്ടുതീ എങ്ങനെ ഉണ്ടായതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചരിത്രത്തില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രകൃതിദുരന്തമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അക്യുവെതറിന്റെ പ്രാഥമിക കണക്ക് പ്രകാരം ഇതുവരെ 135 ബില്യണ്‍ ഡോളറിനും 150 ബില്യണ്‍ ഡോളറിനും ഇടയിലാണ് നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.