എണ്ണവില കൂടുമോ? റഷ്യൻ എണ്ണക്കമ്പനികൾക്കും കപ്പലുകൾക്കും അമേരിക്കയുടെ ഉപരോധം, പണികിട്ടുക ഇന്ത്യക്കും ചൈനക്കും

By: 600007 On: Jan 13, 2025, 5:49 AM

 

ദില്ലി: റഷ്യൻ എണ്ണ ഉൽപാദകർക്കും കപ്പലുകൾക്കുമെതിരെ യുഎസ് കൂടുതൽ ഉപരോധമേർപ്പെടുത്തിയ സാഹചര്യത്തിൽ ചൈന, ഇന്ത്യൻ റിഫൈനറുകൾ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങേണ്ടി വരുമെന്ന് റിപ്പോർട്ട്. അങ്ങനെ വന്നാൽ എണ്ണ വില ഉയർന്നേക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഷ്യൻ എണ്ണ ഉൽപ്പാദകരായ ഗാസ്‌പ്രോം നെഫ്റ്റ്, സുർഗുട്ട്‌നെഫ്റ്റെഗാസ്, റഷ്യൻ എണ്ണ കയറ്റുമതി ചെയ്ത 183 കപ്പലുകൾ എന്നിവയ്‌ക്കെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്.

ഉപരോധങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് വിതരണം ചെയ്യാൻ ലഭ്യമായ കപ്പലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കും. ഇത് ചരക്ക് നിരക്ക് വർധിപ്പിക്കുമെന്നും വിദ​ഗ്ധർ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ ടാങ്കറുകൾ 900,000 ബിപിഡി റഷ്യൻ ക്രൂഡ് ചൈനയിലേക്ക് അയച്ചതായി സിംഗപ്പൂർ ആസ്ഥാനമായുള്ള വ്യാപാരി പറഞ്ഞു. കഴിഞ്ഞ വർഷം ആദ്യ 11 മാസങ്ങളിൽ, ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതി പ്രതിവർഷം 4.5 ശതമാനം ഉയർന്ന് 1.764 ദശലക്ഷം ബിപിഡി ആയി. നിലവിൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയിൽ നിന്നാണ്. 

ഉപരോധം കർശനമായി നടപ്പാക്കിയാൽ റഷ്യൻ ഇഎസ്പിഒ ബ്ലെൻഡ് ക്രൂഡ് കയറ്റുമതി നിർത്തുമെന്ന് വോർടെക്സ അനലിസ്റ്റ് എമ്മാ ലി പറഞ്ഞു. എന്നാൽ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട് നിർണായകമാകും. പുതിയ ഉപരോധങ്ങൾ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയെയും ചൈനയെയും പ്രേരിപ്പിക്കും.