ദില്ലി: അമേരിക്കയുടെ പ്രസിഡന്‍റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരണമായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ജനുവരി 20 ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് വാഷിംഗ്ടൺ ഡിസിയിലെ യു എസ് ക്യാപിറ്റോളിൽ ആരംഭിക്കുക. അമേരിക്കയുമായി പലപ്പോഴും വാക്പോരിലേർപ്പെടാറുള്ള ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചൈനിസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ തന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നാണ് സൂചനയെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവിന് നൽകിയ അസാധാരണമായ അപൂർവമായ ഓഫറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് എത്തിയാൽ അതൊരു ചരിത്ര സംഭവമായിരിക്കും. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിരീകരണമാകും.