ലിബറൽ പാർട്ടി ഓഫ് കാനഡ മാർച്ച് ഒൻപതിന് അവരുടെ അടുത്ത നേതാവിനെയും രാജ്യത്തിൻ്റെ അടുത്ത പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുമെന്ന് അറിയിച്ചു. വോട്ടിംഗ് യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ശക്തവും സുരക്ഷിതവുമായ ഒരു രാജ്യവ്യാപക പ്രക്രിയയ്ക്ക് ശേഷം, മാർച്ച് ഒൻപതിന് ലിബറൽ പാർട്ടി ഓഫ് കാനഡ ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്ന് പാർട്ടി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. 2025 ലെ തിരഞ്ഞെടുപ്പിൽ വിജയത്തിനായി ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുമെന്നും പാർട്ടി വ്യക്തമാക്കി. നിരവധി യോഗങ്ങൾക്ക് ശേഷമാണ് പാർട്ടിയുടെ ദേശീയ കൗൺസിൽ തീയതി പ്രഖ്യാപിച്ചത്. സാധ്യതയുള്ള സ്ഥാനാർത്ഥികൾക്കുള്ള പ്രവേശന ഫീസ് ആയി 350,000 കനേഡിയൻ ഡോളർ ആണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് നേരത്തേ 75,000 കനേഡിയൻ ഡോളർ ആയിരുന്നു. സ്ഥാനാർത്ഥികൾ മത്സരിക്കാനുള്ള ആഗ്രഹം ജനുവരി 23-നകം അറിയിച്ച് ഫീസ് അടയ്ക്കണം. വോട്ടർ രജിസ്ട്രേഷൻ ജനുവരി 27 വരെ തുറന്നിരിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കനേഡിയൻ പൗരന്മാർക്കും 14 വയസും അതിൽ കൂടുതലുമുള്ള സ്ഥിര താമസക്കാർക്കും മാത്രമായി വോട്ടിംഗ് യോഗ്യത പരിമിതപ്പെടുത്തി. വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം.