ലോസ് ഏഞ്ചൽസിൽ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീ പലയിടങ്ങളിലും ഇപ്പോഴും നിയന്ത്രണാധീതമായി തുടരുകയാണ്. കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലേക്ക് അന്വേഷകർക്ക് സുരക്ഷിതമായി പ്രവേശിക്കാൻ കഴിഞ്ഞാൽ മാത്രമേ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ കഴിയൂ. കുറഞ്ഞത് 10 മരണങ്ങളെങ്കിലും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ നശിച്ചു. തീപിടിച്ച കെട്ടിടങ്ങളും കത്തിനശിച്ച വാഹനങ്ങളും അഗ്നിശമന സേനാംഗങ്ങൾ ജീവൻ പണയം വെച്ച് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും കാണിക്കുന്ന ഹൃദയഭേദകമായ നിരവധി വീഡിയോകൾ ഇതിനോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയ ഒരു വീഡിയോ ഒരു ആഡംബര മാളിക പൂർണ്ണമായും തീ വിഴുങ്ങി നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്.
ഈ ആഡംബര മാളിക 35 മില്യൺ ഡോളറിന് അതായത് ഏകദേശം 300 കോടി രൂപയ്ക്ക് യുഎസ് ആസ്ഥാനമായുള്ള പ്രശസ്തമായ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സില്ലോയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കെട്ടിടം കത്തി നശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏറെ ദൂരെ നിന്ന് റെക്കോർഡ് ചെയ്തതാണ്. തീനാളങ്ങൾ വീടിനെ പൂർണമായും വിഴുങ്ങിയ നിലയിലാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പശ്ചാത്തലത്തിൽ 'ദൈവമേ, ആ വീട് നോക്കൂ,' എന്ന് പറയുന്നത് കേൾക്കാം. ലോസ് ഏഞ്ചൽസ് കാട്ടുതീയുടെ വിനാശകരമായ യാഥാർത്ഥ്യത്തിന്‍റെ ഒരു ഭീകരമായ ചിത്രമാണ് ഈ വീഡിയോ തുറന്നു കാണിക്കുന്നത്.