കാല്‍ഗറി കൗണ്‍സില്‍ കോമ്പന്‍സേഷന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി സിറ്റി കൗണ്‍സിലര്‍മാരില്‍ നാലംഗ സംഘം. ഇത് സംബന്ധിച്ച് അടുത്തയാഴ്ച പ്രമേയം അവതരിപ്പിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. സോന്യ ഷാര്‍പ്പ്, ആന്ദ്രെ ചാബോട്ട്, ടെറി വോങ്, ഡാന്‍ മക്ലീന്‍ എന്നിവരാണ് പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നത്. ജനുവരി 14 ന് നടക്കുന്ന കൗണ്‍സിലിന്റെ പബ്ലിക് ഹിയറിംഗ് മീറ്റിംഗില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. 2024 നിരക്ക് 2030 വരെ മരവിപ്പിക്കാനാണ് ശുപാര്‍ശ.
സിറ്റി സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന സമയത്ത് ഫിസ്‌കല്‍ റെസ്‌പോണ്‍സിബിളിറ്റിയോടുള്ള പ്രതിബദ്ധതയാണ് തങ്ങള്‍ പ്രമേയത്തിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
നാല് കൗണ്‍സിലര്‍മാരുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്വന്തം പ്രമേയം അവതരിപ്പിക്കാനുള്ള ഉദ്ദേശ്യങ്ങള്‍ സൂചിപ്പിച്ച് മേയര്‍ ജ്യോതി ഗോണ്ടെക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഉയര്‍ന്ന ഗ്രോസറി ബില്ലുകള്‍, വര്‍ധിച്ചുവരുന്ന യൂട്ടിലിറ്റി നിരക്കുകള്‍, പണപ്പെരുപ്പം എന്നിവ കാല്‍ഗറി നിവാസികളെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്. ഈ സമയത്ത് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ധന അംഗീകരിക്കാനാകില്ലെന്ന് ഗോണ്ടെക്ക് പറഞ്ഞു.