ജോലിക്ക് അപേക്ഷിക്കാൻ എഐ ചാറ്റ് ബോട്ട്; ഒറ്റ രാത്രി കൊണ്ട് അയച്ചത് ആയിരം അപേക്ഷകളെന്ന് യുവാവ്

By: 600007 On: Jan 11, 2025, 12:31 PM

 

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വളർച്ച വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിൽ അന്വേഷകരെ സംബന്ധിച്ചിടത്തോളം  വിശ്വസ്തനായ ഒരു സഹായിയായി എഐ ചാറ്റ് ബോട്ട്കൾ മാറിക്കഴിഞ്ഞു. തൊഴിൽ അന്വേഷകരുടെ റെസ്യൂമെകൾ തയ്യാറാക്കുക, കവർ ലെറ്ററുകൾ തയ്യാറാക്കുക തുടങ്ങിയ ജോലികൾ അവിശ്വസനീയമാം വിധം എളുപ്പമായി. എന്നാൽ, ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് സ്വന്തമായി സൃഷ്ടിച്ച എഐ ചാറ്റ് ബോട്ടിനെ ഉപയോഗിച്ച് ആയിരം ജോലികൾക്ക് അപേക്ഷ സമർപ്പിച്ച് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. 


റെഡിറ്റിൽ പങ്കു വച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നത് താൻ സ്വന്തമായി രൂപകല്പന ചെയ്ത എഐ ചാറ്റ് ബോട്ട് തനിക്ക് ചേരുന്ന ആയിരം ജോലികൾ സ്വയം കണ്ടെത്തി അപേക്ഷ സമർപ്പിച്ചുവെന്നാണ്. ഇതെല്ലാം ചാറ്റ് ബോട്ട് ചെയ്തത് ഒരു രാത്രി കൊണ്ടാണെന്നും ആ സമയം താൻ സുഖമായി ഉറങ്ങുകയായിരുന്നുവെന്നും യുവാവ് തന്‍റെ കുറിപ്പില്‍ അവകാശപ്പെട്ടു. 

ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ വിശകലനം ചെയ്യുന്ന, ജോലി വിവരണങ്ങൾ പരിശോധിക്കുന്ന, ഓരോ ജോലിക്കും പ്രത്യേകം സിവികളും കവർ ലെറ്ററുകളും സൃഷ്ടിക്കുന്ന, റിക്രൂട്ടർമാർ ചോദിക്കുന്ന നിർദ്ദിഷ്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു എഐ ബോട്ട് താൻ സൃഷ്ടിച്ചുവെന്നാണ് പോസ്റ്റിൽ ഉപയോക്താവ് അവകാശപ്പെടുന്നത്. 

അപേക്ഷിച്ച സമർപ്പിച്ച ജോലികളിൽ 50 -ഓളം അഭിമുഖങ്ങൾ ഉറപ്പാക്കാൻ എഐ ബോട്ട് തന്നെ സഹായിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റ് വൈറൽ ആയതോടെ എഐയുടെ ഫലപ്രാപ്തി ആളുകൾ അംഗീകരിച്ചെങ്കിലും നിയമന പ്രക്രിയയിൽ വ്യക്തിഗത കണക്ഷനുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നിരവധി പേർ ചൂണ്ടിക്കാട്ടി.