അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കാല്‍ഗറിയില്‍ കോണ്ടോ അപ്പാര്‍ട്ട്‌മെന്റുകളുടെ വില ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. കാല്‍ഗറിയിലെ കോണ്ടോ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ വില കുതിച്ചുയരുമെന്ന് സൂകാസ(Zoocasa)യാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂകാസയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി കാല്‍ഗറിയിലെ പ്രോപ്പര്‍ട്ടി വില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. 2021 ല്‍ 246,783 ഡോളറില്‍ നിന്ന് 2024 ല്‍ 342,110 ഡോളറായാണ് വര്‍ധിച്ചത്. ഏകദേശം 39 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ കുതിപ്പ് തുടര്‍ന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കോണ്ടോ വില ഇരട്ടിയിലധികം വര്‍ധിച്ചേക്കും.
2030 ആകുമ്പോഴേക്കും കാല്‍ഗറിയുടെ പ്രോപ്പര്‍ട്ടി വില 500,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2035 ഓടെ 2024 ലെ വില ഇരട്ടിയായി 728,275 ഡോളറില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. 2040 ഓടെ വില ഒരു മില്യണ്‍ ഡോളറിനടുത്തേക്കെത്തുമെന്നാണ് പ്രവചനം.