ഒൻ്റാരിയോയിൽ നടക്കാനിരിക്കുന്ന വിവാദ ഇസ്ലാമിക സമ്മേളത്തിന് എതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സംഘാടകർ. സർക്കാരുകളെ തകർത്തെറിഞ്ഞ് ഇസ്ലാമിക ഭാരണത്തിന് ആഹ്വാനം ചെയ്യുന്ന ആശയങ്ങളാണ് സമ്മേളനത്തിലൂടെ സംഘടന മുന്നോട്ട് വയ്ക്കുന്നതെന്നായിരുന്നു ഉയർന്ന ആരോപണങ്ങൾ. സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ആരോപണങ്ങൾ നിഷേധിച്ചത്.
ഹിസ്ബുത് തഹ്‌രീർ അക്രമത്തിൻ്റെ പാതയിൽ അല്ലെന്നും തീവ്രവാദം, തീവ്രവാദ അക്രമ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തുന്ന ആരോപണങ്ങൾ സംഘടനയുടെ പേരിന് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഹിസ്ബുത് തഹ്‌രീറിനെതിരെ അടുത്തിടെ ഉയർന്ന തെറ്റായ ആരോപണങ്ങളുടെ വെളിച്ചത്തിൽ, സത്യം പറയുകയും അടിസ്ഥാനരഹിതമായ വിമർശനങ്ങൾ തുറന്നുകാട്ടുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ശരീയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളൊരു ഇസ്ലാമിക ഭരണത്തിന് ആഹ്വാനം ചെയ്യുന്ന സമ്മേളനം ജനുവരി 18ന് ടൊറൻ്റോയ്ക്ക് അടുത്തുള്ള മിസ്സിഷ്വാഗയിലെ ഒരു രഹസ്യ സ്ഥലത്ത് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ നഗരസഭാ അധികൃതരുടെ ഇടപെടലിനെ തുടർന്ന് പിന്നീടിത് ഹാമിൽട്ടന് അടുത്തുള്ളൊരു രഹസ്യ സ്ഥലത്തേക്ക് മാറ്റി. കഴിഞ്ഞ വർഷവും ഇവർ ഇത്തരമൊരു യോഗത്തിന് പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഹിസ്ബുത് തഹ്‌രീറിൻ്റെ സഹോദര സംഘടനയെ ബ്രിട്ടനിൽ തീവ്രവാദ സംഘടനയെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്.