സൈബര്‍ ആക്രമണം: ടൊറന്റോ, ജിടിഎ, കാല്‍ഗറി സ്‌കൂള്‍ ബോര്‍ഡുകളെ ബാധിച്ചു

By: 600002 On: Jan 10, 2025, 12:12 PM

 


ടൊറന്റോ, ജിടിഎ മേഖലകളിലെ വിവിധ സ്‌കൂള്‍ ബോര്‍ഡുകളില്‍ സൈബര്‍ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. പീല്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, യോര്‍ക്ക് റീജിയണല്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, ദുര്‍ഹം ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡും(TDSB)  പീല്‍ ആന്‍ഡ് യോര്‍ക്ക് റീജിയണല്‍ പബ്ലിക് ബോര്‍ഡുകളും വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സംഭരിക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലാണ് സൈബര്‍ ആക്രമണം നേരിട്ടത്. നിരവധി സ്‌കൂള്‍ ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന പവര്‍സ്‌കൂള്‍ സോഫ്റ്റ്‌വെയറില്‍ സൈബര്‍ ആക്രമണം നേരിട്ടതായി TDSB വ്യക്തമാക്കി. ഡിസംബര്‍ 22 നും ഡിസംബര്‍ 28 നും ഇടയിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. 

വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ ചോര്‍ന്നതായോ ബാധിക്കപ്പെട്ടതായോ കണ്ടെത്തിയാല്‍ അത് എത്രയും വേഗം അറിയിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് TDSB  ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ സ്റ്റാസി സക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വിവരം ഒന്റാരിയോ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൈവസി കമ്മീഷണറെ അറിയിച്ചിട്ടുണ്ടെന്നും സക്കര്‍ വ്യക്തമാക്കി. 

അതേസമയം, കാല്‍ഗറിയിലെ സ്‌കൂള്‍ ബോര്‍ഡിലും സൈബര്‍ ആക്രമണം നടന്നതായി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. സിബിഇയുടെ പവര്‍സ്‌കൂള്‍ സിസ്റ്റത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നും സിസ്റ്റത്തിലേക്കുള്ള തേര്‍ഡ്-പാര്‍ട്ടി ആക്‌സസ് ഉടന്‍ പരിഹരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ഡാറ്റാബേസില്‍ സാമ്പത്തിക വിവരങ്ങളിലേക്ക് ആക്‌സസ് ഉണ്ടായിട്ടില്ലെന്നും ഏത് തരം ഡാറ്റയിലേക്കാണ് ആക്‌സസ് ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തുന്നത് തുടരുകയാണെന്നും സിബിഇ അധികൃതര്‍ വ്യക്തമാക്കി.