കാല്‍ഗറിയിലെ കോഫി സ്‌പോട്ടിലേക്ക് വരൂ; ലോകത്തിലെ വിലയേറിയ കാപ്പി കുടിക്കാം

By: 600002 On: Jan 10, 2025, 10:34 AM




നമ്മളില്‍ മിക്കവരും കാപ്പി ഇഷ്ടപ്പെടുന്നവരായിരിക്കും. ലോക്കല്‍ കോഫി ഷോപ്പില്‍ നിന്നും വീട്ടില്‍ നിന്നുമെല്ലാം കാപ്പി കുടിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ കാനഡയില്‍ ഇപ്പോഴിതാ കാപ്പി പ്രിയര്‍ക്കായി പുതിയൊരു സംരംഭം ആരംഭിച്ചിരിക്കുകയാണ്. കാപ്പിയുടെ രുചി ഇഷ്ടപ്പെടുന്നവര്‍ക്ക് പക്ഷേ ഇവിടെയുള്ള കാപ്പിയുടെ രുചി അറിയാന്‍ കുറച്ചധികം പണം മുടക്കേണ്ടി വരും. കാല്‍ഗറിയിലുള്ള ഫില്‍ ആന്‍ഡ് സെബാസ്റ്റ്യന്‍ എന്ന കോഫി സ്‌പോട്ടിലാണ് സവിശേഷമായ രുചിയുള്ള വിലയേറിയ കാപ്പി തയാറാക്കുന്നത്. ഇവിടെയെത്തുന്ന ഉപഭോക്താക്കള്‍ക്ക് ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പികളില്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഒരു കപ്പിന് 100 ഡോളറാണ് നിരക്ക്. 

ബെസ്റ്റ് ഓഫ് പനാമ കോഫി മത്സരത്തില്‍ അംഗീകരിക്കപ്പെട്ട കാപ്പിയാണിത്. ഉയര്‍ന്ന നിലവാരമുള്ള കാപ്പിയില്‍ വൈദഗ്ധ്യം നേടിയ പനാമയിലെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബെസ്റ്റ് ഓഫ് പനാമ മത്സരത്തില്‍ തയാറാക്കിയ ഓരോ കാപ്പിയും കര്‍ശനമായ വിലയിരുത്തല്‍, പരിശോധനാ പ്രക്രിയയിലൂടെ കടന്നുപോകുന്നു. അവസാന ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത കോഫി ലേലത്തിനായി തെരഞ്ഞെടുക്കുന്നു. 

ലേലത്തില്‍ ഫില്‍ ആന്‍ഡ് സെബാസ്റ്റ്യന്‍ ഒരു കിലോ ഫിന്‍ക സോഫിയ വാഷ്ഡ് ഗെയ്ഷ എന്ന പേരിലുള്ള കാപ്പിപ്പൊടി ഏകദേശം 5000 കനേഡിയന്‍ ഡോളറിന് വാങ്ങി. ലോകത്തിലെ ഏറ്റവും മികച്ചതും അംഗീകരിക്കപ്പെട്ടതുമായ കോഫിയാണ് ഇത്. ഫില്‍ ആന്‍ഡ് സെബാസ്റ്റ്യനില്‍ ജനുവരി 20 മുതല്‍ സവിശേഷമായ രുചിയുള്ള കാപ്പി രുചിക്കാന്‍ സാധിക്കും. കാപ്പി രുചിക്കാന്‍ മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് അപൂര്‍വ്വമായ ഗീഷാ കോഫിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായി അറിയാനും സിമ്മണ്‍സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഫില്‍ ആന്‍ഡ് സെബാസ്റ്റ്യന്‍ കോഫി ഷോപ്പില്‍ വന്നാല്‍ മതി.