അമേരിക്കയിലെ കാട്ടുതീയെ ചെറുക്കാൻ സഹായഹസ്തവുമായി കാനഡ

By: 600110 On: Jan 10, 2025, 9:13 AM

 

ലോസ് ഏഞ്ചൽസ്, കാലിഫോർണിയ എന്നിവിടങ്ങളിൽ പടരുന്ന കാട്ടുതീയെ ചെറുക്കാൻ സഹായ ഹസ്തവുമായി കാനഡ. പ്രവിശ്യകളായ  ആൽബെർട്ടയും ഒൻ്റാരിയോയും സഹായ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട് . കാലിഫോർണിയയിലേക്ക് വാട്ടർ ബോംബറുകൾ, നൈറ്റ് വിഷൻ ഹെലികോപ്റ്ററുകൾ, കമാൻഡ് ടീം  എന്നിവ അയയ്ക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. നല്ല അയൽക്കാർ എല്ലായ്‌പ്പോഴും പരസ്‌പരം ആവശ്യമുള്ള സമയങ്ങളിൽ ഒപ്പമുണ്ടാകുമെന്നും  ഈ പ്രതിസന്ധി ഘട്ടത്തിൽ  അമേരിക്കൻ സുഹൃത്തുക്കൾക്ക് ആവശ്യമായ ഏത് സഹായവും എത്തിക്കുമെന്നും സ്മിത്ത് എക്‌സിൽ കുറിച്ചു. 

കാട്ടുതീ പ്രതിരോധ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി ആൽബെർട്ട ഫെഡറൽ സർക്കാരുമായും കനേഡിയൻ ഇൻ്ററാജൻസി ഫോറസ്റ്റ് ഫയർ സെൻ്ററുമായും (സിഐഎഫ്എഫ്‌സി) ചേർന്ന്  സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേർത്തു. ഒൻ്റാരിയോ രണ്ട്  വാട്ടർബോംബറുകളും 165 അഗ്നിശമന സേനാംഗങ്ങളെയും, 20 അധിക ഇൻസിഡൻ്റ് മാനേജ്മെൻ്റ് ടീമിനെയുമാണ് അയക്കുന്നത്.   കാലിഫോർണിയയിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിക്കുന്നതെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന്  പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കാനഡയുടെ വാട്ടർ ബോംബറുകൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 250 അഗ്നിശമന സേന ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ വിന്യസിച്ചു കഴിഞ്ഞതായും ട്രൂഡോ വ്യക്തമാക്കി . അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വലിയ തീപിടിത്തത്തിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. കഡാവർ നായ്ക്കളും തിരച്ചിൽ സംഘവും ആളുകൾ അവശിഷ്ടങ്ങൾക്ക് ഇടയിൽ  കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ  തിരച്ചിൽ ആരംഭിച്ചു. ലോസ് ഏഞ്ചൽസ് മേഖലയിൽ ഏകദേശം 180,000 ആളുകളെ ഒഴിഞ്ഞു പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.