വിമാനത്താവളത്തിലേക്കുള്ള റെയിൽ സർവീസ് സാധ്യത പരിശോധിച്ച് കാൽഗറി സിറ്റി കൗൺസിൽ. പാസഞ്ചർ ട്രെയിൻ സർവ്വീസിൻ്റെ സാധ്യതകളാണ് സിറ്റി കൗൺസിൽ കമ്മിറ്റി പരിശോധിക്കുന്നത്.
എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് ഗ്രീൻ ലൈനിനെ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കും വിധമാണ് നിർദിഷ്ട റൂട്ട് വിഭാവനം ചെയ്തിട്ടുള്ളത്. പ്രാദേശികമായി യാത്ര ചെയ്യുകയാണെങ്കിലും ഇന്നർ സിറ്റി റെയിൽവേ ആണെങ്കിലും, വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നത് നല്ലതാണെന്ന് കൗൺസിലർ ജാസ്മിൻ മിയാൻ പറയുന്നു. കാൽഗറിയിൽ നിന്ന് എഡ്മണ്ടണിലേക്കുള്ള സ്വകാര്യ അതിവേഗ റീജിയണൽ റെയിൽ പാതയുമായി പുതിയ സർവ്വീസിനെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന . എന്നാൽ ഫണ്ടിംഗിനെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ മുന്നോട്ടു പോക്കെന്നാണ് കൌൺസിലർമാർ പറയുന്നത്. കാൽഗറിയുടെ തടസ്സപ്പെട്ട ഗ്രീൻ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.