പ്രധാന റോഡുകളിലൂടെ ഗതാഗത തിരക്ക് ഏറ്റവുമധികമായ സമയത്ത് കടന്നുപോകുന്നതിന് ഫീസ് അഥവാ കണ്‍ജഷന്‍ ചാര്‍ജ് ഏര്‍പ്പെടുത്തി ന്യൂയോര്‍ക്ക്. പദ്ധതി ആദ്യമായി ഏര്‍പ്പെടുത്തുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. പദ്ധതിയുടെ ഭാഗമായി മാന്‍ഹട്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഒരു നിശ്ചിത ഫീസ് നല്‍കേണ്ടതുണ്ട്. തിരക്കും മലിനീകരണവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കണ്‍ജഷന്‍ പ്രൈസിംഗ്. മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി(എംടിഎ) നടത്തുന്ന പൊതുഗതാഗത സംവിധാനം നവീകരിക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു.
മാന്‍ഹട്ടന്‍ സെന്‍ട്രല്‍ പാര്‍ക്കിലേക്ക് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 5 മണിക്കും രാത്രി 9 മണിക്കും ഇടയില്‍ പ്രവേശിക്കുന്ന പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 9 യുഎസ് ഡോളര്‍ ഈടാക്കും. കൂടാതെ വാരാന്ത്യങ്ങളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ പ്രവേശിക്കുന്നവയ്ക്കും നിരക്ക് ഈടാക്കും. ഒഴിവുദിവസങ്ങളില്‍ ടോള്‍ 2.25 യുഎസ് ഡോളറായി കുറയുന്നു. ഇത് പ്രതിദിനം ഒറ്റത്തവണ ചാര്‍ജാണ്.
ലോകത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരമാണ് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്കിലേത് പോലെ കനേഡിയന്‍ നഗരങ്ങളിലേക്കും പദ്ധതി അവതരിപ്പിക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ട്രാഫിക് നാവിഗേഷന്‍ കമ്പനിയായ ടോംടോമിന്റെ അഭിപ്രായത്തില്‍ ടൊറന്റോ, വാന്‍കുവര്‍, എഡ്മന്റണ്‍, മോണ്‍ട്രിയല്‍ എന്നിവയുള്‍പ്പെടെയുള്ള പല കനേഡിയന്‍ നഗരങ്ങളിലെയും തിരക്ക് ലോകത്തിലെ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനും വായുമലിനീകരണം കുറയ്ക്കാനും കണ്‍ജഷന്‍ പ്രൈസിംഗ് സഹായിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. ടൊറന്റോ പോലുള്ള നഗരങ്ങള്‍ ടോള്‍ പോലുള്ള ചില പ്രൈസിംഗ് രീതികള്‍ നേരത്തെ അവലംബിച്ചിട്ടുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. 2020 ല്‍ വാന്‍കുവര്‍ സ്വന്തമായി പ്രൈസിംഗ് രീതി പിന്തുടരാന്‍ ശ്രമിച്ചു. എന്നാല്‍ അത് 2022 ല്‍ അവസാനിക്കുകയായിരുന്നു.
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് ഒരു പരിധി വരെ തിരക്കും മലിനീകരണവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. റോഡുകളില്‍ കാറുകള്‍ കുറഞ്ഞാല്‍ തന്നെ ഗതാഗതക്കുരുക്കിന് ശമനമാകുമെന്നാണ് ഇവര്‍ പറയുന്നത്.