വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് ഹോം റിനവേഷൻ ഇൻസെൻ്റീവുകളുമായി ഒൻ്റാരിയോ ഭരണകൂടം. ഫ്രിഡ്ജുകളും ഫ്രീസറുകളും റിബേറ്റിലൂടെ നല്കാനും പദ്ധതിയിടുന്നുണ്ട്. വീടുകളിൽ ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. വീടുകളുടെ നവീകരണത്തിനൊപ്പം പുതിയ വീട്ടുപകരണങ്ങൾക്ക് കിഴിവുകൾ നൽകാനുമാണ് ഫോർഡ് സർക്കാർ ഒരുങ്ങുന്നത്. സർക്കാരിൻ്റെ 11 ബില്യൺ ഡോളർ ഊർജ്ജ കാര്യക്ഷമത പദ്ധതിയുടെ ഭാഗമായാണ് ഊർജ്ജ മന്ത്രി സ്റ്റീഫൻ ലെക്സെ പുതിയ റിബേറ്റ് പ്രോഗ്രാം പ്രഖ്യാപിച്ചത്.
ജനലുകളോ വാതിലുകളോ മാറ്റി സ്ഥാപിക്കുന്നതും, സ്‌മാർട്ട് തെർമോസ്റ്റാറ്റുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള വീടുകളുടെ നവീകരണ പദ്ധതികൾക്ക് 30 ശതമാനം വരെ കിഴിവ് ഈ പ്ലാനിൽ ഉൾപ്പെടുന്നു. വൈദ്യുതിയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, കുടുംബങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും പണം ലാഭിക്കാൻ കൂടുതൽ വഴികൾ നൽകുന്നുവെന്നാണ് ലെക്സെ പ്രസ്താവനയിൽ പറയുന്നത്. പുതിയ ജനലും വാതിലിനും വെക്കാൻ 100 ഡോളറും ഇൻസുലേഷനായി 8,900 ഡോളർ വരെയും എയർ സീലിംഗിന് 250 ഡോളറും സർക്കാർ വാഗ്ദാനം ചെയ്യുന്നു . അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ 30 ദിവസത്തിനും 60 ദിവസത്തിനും ഇടയിൽ പണം നൽകുമെന്നും സർക്കാർ അറിയിച്ചു.