കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനകളുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയെ 51ആം സംസ്ഥാനമാക്കാൻ "സാമ്പത്തിക ശക്തി" ഉപയോഗിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ ഭീഷണി. കാനഡയുടെ സൈനികച്ചെലവുകളെയും അമേരിക്കയുമായുള്ള വ്യാപാര രീതികളെയും ട്രംപ് വിമർശിച്ചു.
കൃത്രിമമായി വരച്ച വരകൾ മാറ്റി വച്ച് ബുദ്ധിപൂർവ്വം ആലോചിക്കാൻ ട്രംപ് കനേഡിയൻ പൌരന്മാരോട് ആവശ്യപ്പെട്ടു. അത് നിങ്ങളുടെ ദേശീയ സുരക്ഷയ്ക്കും മികച്ചതായിരിക്കുംമെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള അതിർത്തി രേഖയെക്കുറിച്ചായിരുന്നു ട്രംപ് പരാമർശിച്ചത്. അമേരിക്കയാണ് കാനഡയെ സംരക്ഷിക്കുന്നതെന്ന് ഓർക്കണമെന്നും ട്രംപ് പറഞ്ഞു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ജയിച്ച ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉല്പ്പന്നങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയോട് പ്രതികരിക്കുമ്പോഴും ട്രംപ് വിവാദ പരാമർശം നടത്തിയിരുന്നു. കാനഡ യു എസിൽ ലയിച്ചാൽ ഉള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ട്രംപിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്. കാനഡയിലെ ഭൂരിഭാഗം പേരും അമേരിക്കയിൽ ലയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാനഡയ്ക്ക് വേണ്ടി വന്‍ വ്യാപാരകമ്മികളും സബ്‌സിഡികളും തുടരാന്‍ അമേരിക്കയ്ക്ക് കഴിയില്ല. ഇതറിയാവുന്നതുകൊണ്ടാണ് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്. കാനഡ യുഎസുമായി ലയിച്ചാല്‍ താരിഫുകള്‍ ഉണ്ടാകില്ല. നികുതികള്‍ കുറയും. റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഭീഷണിയില്‍ നിന്ന് കാനഡ സുരക്ഷിതമാകുകയും ചെയ്യും. ഒരുമിച്ച് നിന്നാല്‍ നാം എത്ര വലിയ രാഷ്ട്രമായിരിക്കുമെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചിരുന്നു.