കാനഡയിൽ സ്റ്റഡി പെർമിറ്റുകൾ വെട്ടിക്കുറച്ചതോടെ അഭയാർത്ഥി പദവിക്കായി അപേക്ഷിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കൂടുന്നു

By: 600110 On: Jan 8, 2025, 11:58 AM

 

സ്റ്റഡി പെർമിറ്റുകൾ വെട്ടിക്കുറച്ചതോടെ അഭയാർത്ഥി പദവിക്കായി അപേക്ഷിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് കാനഡ ഇമിഗ്രേഷൻ വകുപ്പിൻ്റെ റിപ്പോർട്ട്. ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികളാണ് അഭയാർത്ഥി പദവിക്കായി അപേക്ഷിച്ച് രംഗത്തെത്തിയിട്ടുള്ളത്. വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ  രാജ്യവ്യാപകമായി ശരാശരി 35 ശതമാനം കുറവു വരുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിച്ചിരുന്നു. 

2024 ജനുവരി മുതൽ ഓഗസ്‌റ്റ് വരെയുള്ള കാലയളവിൽ 11,630 വിദേശ വിദ്യാർത്ഥികളാണ് കാനഡയിൽ അഭയാർത്ഥികളായി തുടരാൻ  അപേക്ഷിച്ചത്.   ആഴ്ചയിൽ 340-ലധികം പേരാണ് അപേക്ഷകരെന്ന്  സ്റ്റുഡൻ്റ്‌സ് ക്ലെയിമിംഗ് അസൈലത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ പഠനത്തിൽ വലിയ താൽപ്പര്യമില്ലാത്ത വിദേശ വിദ്യാർത്ഥികളെയും കോളേജുകൾ റിക്രൂട്ട് ചെയ്യുന്നതായി ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ നേരത്തെ ആരോപിച്ചിരുന്നു. ഒൻ്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി പതിനായിരത്തോളം അഭയാർത്ഥി ക്ലെയിമുകളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായത്. കിഷ്നറിലെ കോൺസ്റ്റോഗ കോളേജ്, ടൊറൻ്റോയിലെ സെനെക്ക കോളേജ് എന്നിവിടങ്ങിൽ നിന്നും വലിയ തോതിൽ അഭയാർത്ഥി ക്ലെയിമുകൾ വരുന്നുണ്ട്. ഇത് നല്ല പ്രവണതയല്ലെന്നും മാർക്ക് മില്ലർ പറഞ്ഞിരുന്നു.  പഠനത്തിൻ്റെ പേരിൽ കാനഡയിലെത്തി അഭയാർഥിപദവിക്കായി അപേക്ഷിക്കുന്ന പ്രവണതയുണ്ടെന്ന് ഫെഡറൽ റെക്കോഡ്സിലെ കണക്കുകളും വ്യക്തമാക്കുന്നുണ്ട്. ഇതേ തുടർന്നാണ് വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന.