'ട്രൂഡോ റെസിഗ്നേഷന്‍ സ്‌പെഷ്യല്‍ ബര്‍ഗര്‍' വാഗ്ദാനം ചെയ്ത് ലാംഗ്‌ലിയിലെ ഡയറി ക്വീന്‍ 

By: 600002 On: Jan 8, 2025, 11:25 AM

 


കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി പ്രഖ്യാപനം രാജ്യത്ത് ചൂടുള്ള ചര്‍ച്ചയായി കഴിഞ്ഞു. സമീപകാല രാഷ്ട്രീയ സംഭവങ്ങള്‍ മാധ്യമങ്ങളും മറ്റ് പല സംരംഭങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. റെസ്റ്റോറന്റുകളില്‍ വരെ ട്രൂഡോയുടെ രാജിയാണ് ചര്‍ച്ചാവിഷയം. ലാംഗ്ലിയിലെ ഡയറി ക്വീന്‍ എന്ന ബര്‍ഗര്‍ വില്‍ക്കുന്ന റെസ്‌റ്റോറന്റില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫര്‍ വാഗ്ദാനം ചെയ്യുന്നത് ട്രൂഡോയുടെ രാജി പ്രഖ്യാപനം പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. രണ്ട് ഡോളറിന് 'ട്രൂഡോ റെസിഗ്നേഷന്‍ സ്‌പെഷ്യല്‍' എന്ന ബര്‍ഗറാണ് ഡയറി ക്യൂന്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ ബോര്‍ഡില്‍ ഓഫര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. 

മാര്‍ച്ച് മാസം വരെ ഈ സ്‌പെഷ്യല്‍ ഓഫര്‍ പ്രമോഷന്‍ നടത്താനാണ് കടയുടമ പദ്ദതിയിട്ടിരിക്കുന്നതെന്ന് ഡയറി ക്വീനിലെ സ്റ്റാഫ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈ ഓഫര്‍ മുതലെടുത്ത് ബീസി കണ്‍സര്‍വേറ്റീവ് എംഎല്‍എ ഹര്‍മന്‍ ഭാംഗു, ഡയറി ക്വീന്‍ ലൊക്കേഷനിലേക്ക് പോയി ചിത്രങ്ങളെടുത്ത് ട്രൂഡോയ്ക്ക് നേരെ പരിഹാസം ചൊരിഞ്ഞു. ജസ്റ്റിന്‍ ട്രൂഡോയുടെ രാജി ഒടുവില്‍ കനേഡിയന്‍ പൗരന്മാരെ ഒരു രൂപ ലാഭിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതായി എംഎല്‍എ എക്‌സില്‍ കുറിച്ചു.