പുതിയ വര്‍ഷത്തില്‍ കാല്‍ഗറി മേയറുടെയും സിറ്റി കൗണ്‍സിലര്‍മാരുടെയും ശമ്പള വര്‍ധന നിലവില്‍ വന്നു. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് വേതന വര്‍ധന നടപ്പിലാക്കുന്നത്. സിറ്റി കൗണ്‍സിലിലെ 14 കൗണ്‍സിലര്‍മാരുടെ ശമ്പളം പ്രതിവര്‍ഷം 124,462.60 ഡോളറായി. മേയര്‍ ജ്യോതി ഗോണ്ടെക്കിന്റെ ശമ്പളം 220,298.83 ഡോളറായാണ് വര്‍ധിച്ചിരിക്കുന്നത്. തുടര്‍ച്ചയായ വര്‍ധനവിന് മുമ്പ് 2019, 2020, 2021 വര്‍ഷങ്ങളില്‍ കൗണ്‍സിലിന്റെ ശമ്പളം മരവിപ്പിക്കുകയും 2018 ല്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. 2002 ല്‍ സ്ഥാപിതമായ കൗണ്‍സില്‍ കോമ്പന്‍സേഷന്‍ റിവ്യൂ കമ്മിറ്റി(CCRC) ആണ് കൗണ്‍സില്‍ വേതനം, ആനുകൂല്യങ്ങള്‍, മറ്റ് തരത്തിലുള്ള കോമ്പന്‍സേഷന്‍ എന്നിവ നിശ്ചയിക്കുന്നത്.
എന്നാല്‍ സിറ്റി കൗണ്‍സിലിലെ വേതന വര്‍ധനവിനെതിരെ നിരവധിയാളുകള്‍ രംഗത്ത് വന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കുള്ള വേതന വര്‍ധന അംഗീകരിക്കാനാകില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, പ്രോട്ടോക്കോള്‍, ബൈലോ എന്നിവ അനുസരിച്ചാണ് വേതന വര്‍ധന നടപ്പാക്കുന്നതെങ്കില്‍ പ്രശ്‌നമില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങളുണ്ടെന്ന് ഓര്‍ക്കണമെന്നും ചിലര്‍ പ്രതികരിച്ചു.
മേയര്‍ ജ്യോതി ഗോണ്ടെക്ക്, കൗണ്‍സിലര്‍മാരായ ഡാന്‍ മക്ലീന്‍, ടെറി വോങ്, ഷാര്‍പ്പ്, റിച്ചാര്‍ഡ് പൂട്ട്മാന്‍സ്, രാജ് ധലിവാള്‍ എന്നിവര്‍ തങ്ങളുടെ ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.