വാഷിങ്ടൺ: അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ച് ആദ്യമായൊരു മനുഷ്യ ജീവൻ നഷ്ടമായി. ലൂസിയാനയിലാണ് 65 വയസുള്ള രോഗി പക്ഷിപ്പനി ബാധിച്ച് മരണപ്പെട്ടത്. ഇക്കാര്യം ലൂസിയാന ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബർ പകുതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗിയാണ് മരണത്തിന് കീഴടങ്ങിയതെന്നും ലൂസിയാന ആരോഗ്യ അധികൃതർ വ്യക്തമാക്കി. പക്ഷിപ്പനി പിടിപെട്ട് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന രോഗിയാണ് മരണപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ടയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതാണ് വെല്ലുവിളിയായതെന്നും ലൂസിയാന ഹെൽത്ത് അധികൃതർ വ്യക്തമാക്കി.
2024 തുടക്കം മുതലാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ മനുഷ്യരിൽ പക്ഷിപ്പനി കേസുകൾ രേഖപ്പെടുത്താൻ തുടങ്ങിയത്. 2024 ഡിസംബറിലാണ് അമേരിക്കയിൽ ആദ്യമായി ഗുരുതരമായ പക്ഷിപ്പനി ബാധിച്ചതായി സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്ഥിരീകരിച്ചത്. ഈ രോഗിയാണ് ലൂസിയാനയിലെ ആശുപത്രിയിൽ മരണപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്.