ഒന്റാരിയോ നിവാസികള്‍ക്ക് 200 ഡോളര്‍ റിബേറ്റ് ചെക്ക് ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ ലഭിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍. നികുതിദായകര്‍ക്ക് 2025 ന്റെ തുടക്കത്തില്‍ അവരുടെ ചെക്ക് പ്രതീക്ഷിക്കാമെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ഒക്ടോബര്‍ അവസാനത്തോടെ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉയര്‍ന്ന ജീവിതച്ചെലവും ഫെഡറല്‍ കാര്‍ബണ്‍ നികുതിയും മറികടക്കാന്‍ ഈ പണം താമസക്കാരെ സഹായിക്കുമെന്ന് ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബറിലെ ഫാള്‍ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റിന്റെ ഭാഗമായാണ് നികുതി റിട്ടേണുകള്‍ പൂര്‍ത്തിയാക്കിയ പ്രവിശ്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും ധനമന്ത്രി പീറ്റര്‍ ബെത്‌ലെന്‍ഫാല്‍ 200 ഡോളര്‍ ചെക്കുകള്‍ പ്രഖ്യാപിച്ചത്.
2023 അവസാനത്തോടെ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള, ആദായനികുതി ഫയല്‍ ചെയ്ത എല്ലാ ഒന്റാരിയോ നിവാസികള്‍ക്കും തുക ലഭിക്കും. കൂടാതെ, 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍ക്ക് യോഗ്യരാണെങ്കില്‍ 200 ഡോളര്‍ അധികമായി ലഭിക്കും. 2024 ല്‍ തടവിലാക്കപ്പെട്ടതോ പാപ്പരായതോ ആയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.