ജസ്റ്റിന്‍ ട്രൂഡോ ഈയാഴ്ച സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട് ചെയ്ത് കാനഡയിലെ മാധ്യമങ്ങള്‍ 

By: 600002 On: Jan 6, 2025, 10:14 AM

 


കാനഡയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഈ ആഴ്ച സ്ഥാനമൊഴിയുമെന്ന സൂചനകളാണ് രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രൂഡോ രാജി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. ട്രൂഡോയ്ക്ക് കനേഡിയന്‍ രാഷ്ട്രീയത്തിലുണ്ടായ തിരിച്ചടികളും രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഊഹോപോഹങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി കുറഞ്ഞുകൊണ്ടിരിക്കുന്ന അംഗീകാര റേറ്റിംഗുകളും ലിബറല്‍ പാര്‍ട്ടിക്ക് നേരെയുണ്ടായ വെല്ലുവിളികളും രാജിയിലേക്ക് എത്തിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2015 മുതല്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ട്രൂഡോ പ്രധാന നയ തീരുമാനങ്ങള്‍, സമീപകാലമുണ്ടായിരുന്ന തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പ്രകടനം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.
ട്രൂഡോയുടെ രാജി ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ നേതൃമത്സരത്തിന് കാരണമാവുകയും കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിര്‍ണായക സമയത്ത് രാഷ്ട്രീയ പുന:സംഘടനയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.