ഉയർന്ന ഭവനച്ചെലവിനെ തുടർന്ന് ടൊറൻ്റോയിൽ സ്ഥിരതാമസമാക്കുന്ന കുടിയേറ്റക്കാർ കുറയുന്നു

By: 600110 On: Jan 4, 2025, 3:26 PM

 

ടൊറൻ്റോയിലെ ഉയർന്ന ഭവന ചെലവ് കുടിയേറ്റക്കാരെ, അവിടെ സ്ഥിരം താമസമാക്കുന്നതിൽ നിന്നും പിന്നോട്ടടിപ്പിക്കുന്നതായി റിപ്പോർട്ട് . ടൊറൻ്റോയിലെത്തി അഞ്ച് വർഷത്തിന് ശേഷവും അവിടെ സ്ഥിരതാമസമാക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്നാണ്  സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നത്.   

രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് നഗര കേന്ദ്രങ്ങളായ ടൊറൻ്റോ, മോൺട്രിയൽ, വാൻകൂവർ എന്നിവിടങ്ങളിലും കുടിയേറ്റക്കാരായ താമസക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അഞ്ച് വർഷത്തെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ആണ് ഈ കുറവെന്ന്  ഫെഡറൽ ഏജൻസി കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്. ടൊറൻ്റോയിൽ, അഞ്ച് വർഷം മുമ്പ് എത്തിയതിന് ശേഷം 2023-ൽ നഗരത്തിൽ സ്ഥിരതാമസമാക്കിയ കുടിയേറ്റക്കാരുടെ ശതമാനം 78.3 ശതമാനമായിരുന്നു. ഇത് 2013ലേതിൽ നിന്ന് എട്ട് ശതമാനം കുറവാണ്. ഇത്രയും ഡ്രോപ് ഓഫ് ഉണ്ടായില്ലെങ്കിലും മോൺട്രിയലിലും വാൻകൂവറിലും സ്ഥിരതാമസമാക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 2017-ൽ ടൊറൻ്റോയിൽ എത്തിയ മിക്ക കുടിയേറ്റക്കാരും പിന്നീട് ഒഷാവ, ഹാമിൽട്ടൺ തുടങ്ങിയ സമീപ നഗരങ്ങളിലേക്ക് മാറിയെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നത്.