പക്ഷിപ്പനി: ബീസിയില്‍ മുട്ടക്ഷാമം രൂക്ഷം; കാലിയായ ഷെല്‍ഫുകളുടെ ഫോട്ടോ പങ്കുവെച്ച് ഉപഭോക്താക്കള്‍ 

By: 600002 On: Jan 4, 2025, 10:24 AM

 

 

കോഴിഫാമുകളില്‍ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഗ്രോസറി സ്‌റ്റോറുകളില്‍ മുട്ടയ്ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗ്രോസറികളില്‍ മുട്ടകളില്ലാതെ കാലിയായ ഷെല്‍ഫുകളുടെ ഫോട്ടോ ഉപഭോക്താക്കള്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സയുടെ പ്രത്യാഘാതങ്ങളും സീസണല്‍ ഡിമാന്‍ഡും ചില സ്റ്റോറുകളില്‍ വിതരണം കുറയാന്‍ കാരണമായതായി ബീസി എഗ്ഗ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അമാന്‍ഡ ബ്രിട്ടന്‍ പറയുന്നു.  

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോവര്‍ മെയിന്‍ലാന്‍ഡിലെ നിരവധി ഗ്രോസറി സ്‌റ്റോറുകളില്‍ മുട്ടയ്ക്ക് ക്ഷാമം നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ വരും ആഴ്ചകളില്‍ ക്ഷാമം പരിഹരിക്കപ്പെടുമെന്നും അമാന്‍ഡ അറിയിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ക്ഷാമം സാവധാനത്തില്‍ ഇല്ലാതാകുമെന്നും അവര്‍ വ്യക്തമാക്കി. അമേരിക്കയിലെ പക്ഷിപ്പനി കേസുകള്‍ സമീപകാലത്തായി വര്‍ധിച്ചത് ബീസിയില്‍ ആശങ്കയ്ക്കുളവാക്കിയിട്ടുണ്ട്. പക്ഷിപ്പനിയെക്കുറിച്ച് കര്‍ഷകര്‍ ആശങ്കാകുലരാമെന്നും ശൈത്യകാലത്തിന്റെ തുടക്കത്തില്‍ പ്രവിശ്യയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.