ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് ചരക്ക് സേവന നികുതി (GST) അല്ലെങ്കിൽ ഹാർമോണൈസ്ഡ് സെയിൽസ് ടാക്‌സ് (HST) ക്രെഡിറ്റുകൾ സ്വീകരിക്കാൻ യോഗ്യതയുള്ള കനേഡിയൻമാർക്ക് പുതുവർഷത്തിൻ്റെ ആദ്യ ആനുകൂല്യങ്ങൾ വെള്ളിയാഴ്ച ലഭിക്കും. 2023 അടിസ്ഥാന വർഷത്തിലെ മൂന്നാമത്തെ ത്രൈമാസ പേയ്‌മെൻ്റാണിത്. കുറഞ്ഞ വരുമാനമുള്ള കനേഡിയൻമാർക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക.
വ്യക്തികളും കുടുംബങ്ങളും വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നൽകുന്ന GST അല്ലെങ്കിൽ HSTക്ക് പകരമായി സർക്കാർ നല്കുന്ന നികുതി രഹിത ത്രൈമാസ പേയ്‌മെൻ്റുകളാണ് ഇത്. നികുതിക്കായി ചെലവാക്കുന്ന തുകയിലൂടെയുണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാണ് കുറഞ്ഞ വരുമാനമുള്ളവർക്ക് ഈ ആനുകൂല്യംനല്കുന്നത്. GST/HST ക്രെഡിറ്റ് തുകകളിൽ പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ പ്രോഗ്രാമുകളിൽ നിന്നുള്ള പേയ്‌മെൻ്റുകളും ഉൾപ്പെട്ടേക്കാം. ഫെഡറൽ ഗവൺമെൻ്റ് പ്രഖ്യാപിച്ച രണ്ട് മാസത്തെ "ടാക്സ് ഹോളിഡേ"യ്‌ക്കിടയിലാണ് പേയ്‌മെൻ്റുകൾ വരുന്നത്. ഈ സമയത്ത് കനേഡിയൻമാർ നിരവധി ഇനങ്ങൾക്ക് GST/HST നൽകേണ്ടതില്ല. GST/HST ക്രെഡിറ്റ് പേയ്‌മെൻ്റുകൾ കണക്കാക്കുന്നത് നിങ്ങളുടെ വൈവാഹിക നില, കുടുംബ വരുമാനം, കാനഡ ചൈൽഡ് ബെനിഫിറ്റിനായി രജിസ്റ്റർ ചെയ്തിട്ടുള്ള 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം, GST/HST ക്രെഡിറ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ്. കുട്ടികളില്ലാത്ത അവിവാഹിതരായ കനേഡിയക്കാർക്ക് 2024 ജൂലൈയ്ക്കും 2025 ജൂണിനും ഇടയിലുള്ള മുഴുവൻ വർഷവും GST/HST ക്രെഡിറ്റിൽ $519 വരെ ലഭിക്കും.