2024 ല്‍ കൃത്യസമയത്ത് സര്‍വീസുകള്‍ നടത്തിയ വിമാനക്കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് മെക്‌സിക്കന്‍ എയര്‍ലൈന്‍സായ എയ്‌റോമെക്‌സിക്കോ. ഏവിയേഷന്‍-ഡാറ്റ പ്രൊവൈഡറായ സിറിയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഏകദേശം 87 ശതമാനം എയ്‌റോമെക്‌സിക്കോ ഫ്‌ളൈറ്റുകളും ഷെഡ്യൂള്‍ ചെയ്ത് 15 മിനിറ്റിനുള്ളില്‍ എത്തിയതായി വ്യക്തമാക്കുന്നു. സൗദി അറേബ്യന്‍ കാരിയറായ സൗദിയയാണ് കൃത്യനിഷ്ഠ പാലിച്ചതില്‍ രണ്ടാം സ്ഥാനത്ത്. സൗദിയയുടെ ഓണ്‍-ടൈം പെര്‍ഫോമന്‍സ് റേറ്റ് 86 ശതമാനമാണ്.
കാനഡയുടെ വെസ്റ്റ്‌ജെറ്റ്, എയര്‍ കാനഡ, ഡെന്‍വര്‍ ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈന്‍ ഫ്രോണ്ടിയര്‍ എന്നിവ യുഎസ്, കനേഡിയന്‍ കാരിയറുകളില്‍ ഏറ്റവും താഴെയാണ്. ഇവയുടെ ഓണ്‍-ടൈം റേറ്റിംഗ് 72 ശതമാനത്തില്‍ താഴെയാണ്. ജൂലൈയില്‍ ആയിരക്കണക്കിന് ഫ്‌ളൈറ്റുകളുടെ സര്‍വീസിനെ ബാധിച്ച കമ്പ്യൂട്ടര്‍ തകരാര്‍ ഉണ്ടായിരുന്നിട്ടും ഡെല്‍റ്റ എയര്‍ലൈന്‍സ് യുഎസ് കാരിയറുകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടി.
2024 ല്‍ കൃത്യസമയത്ത് വിമാനങ്ങള്‍ പുറപ്പെട്ട ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം റിയാദിലുള്ള കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി.