ഈ വര്‍ഷം ജി7 രാജ്യങ്ങളുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് കാനഡ. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഏഴ് വികസിത സമ്പദ്‌വ്യവസ്ഥകള്‍ക്ക് കാനഡ നേതൃത്വം നല്‍കുന്നത്. ആല്‍ബെര്‍ട്ടയിലെ കനാനസ്‌കിസിലാണ് 2025 ജി7 ഉച്ചകോടി നടക്കുന്നത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, യുകെ, ഇറ്റലി, കാനഡ എന്നിവയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി7. ഇതിന് ചാര്‍ട്ടറോ ഓഫീസുകളോ സ്ഥിരമായ ഭരണനിര്‍വ്വഹണമോ ഇല്ല. ഔപചാരിക വോട്ടുകളില്ലാതെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഈ വര്‍ഷം കാനഡ നേതൃത്വം നല്‍കുമ്പോള്‍ നിരവധി വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.
എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുക തുടങ്ങിയ പൊതുവായ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ ജി7 ചര്‍ച്ചകളില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചില പൊതുകാര്യങ്ങളില്‍ നിലപാട് ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉക്രെയ്‌നിനുള്ള പിന്തുണ, വിദേശ ഇടപെടലുകള്‍ തടയല്‍, ലോകബാങ്ക് പോലുള്ള സാമ്പത്തിക ഏജന്‍സികളെ പരിഷ്‌കരിക്കല്‍ എന്നിവ ഉള്‍പ്പെടെ കാനഡയുടെ ചില പ്രധാന ആഗോള മുന്‍ഗണനകളില്‍ ട്രൂഡോ ഉറച്ചുനില്‍ക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, ഉക്രെയ്‌നിന്റെ യുദ്ധ ശ്രമങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി റഷ്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പാശ്ചാത്യ രാജ്യങ്ങളെ അണിനിരത്തുക, പ്രധാന രോഗങ്ങളെ തുടച്ചുനീക്കുന്നതിനുള്ള കോവിഡ് പാന്‍ഡെമിക്കിന് ശേഷമുള്ള വിദേശ സഹായ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക എന്നിങ്ങനെയുള്ള മറ്റ് മുന്‍ഗണനകള്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
കാനഡയുടെ വെല്ലുവിളി സമയമാണ്. രാഷ്ട്രീയ, തെരഞ്ഞെടുപ്പ് കാലങ്ങളിലേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയപരമായ നിരവധി സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കാനഡ ജി7 പ്രസിഡന്റ് പദവി ഏറ്റെടുത്തിരിക്കുന്നത്.