കാലാവസ്ഥാ താപനില അളക്കാൻ എൻവയോൺമെൻ്റ് കാനഡ സെൽഷ്യസ് ഉപയോഗിച്ചു തുടങ്ങിയിട്ട് അൻപത് വർഷം തികയുന്നു. 1975 ഏപ്രിൽ ഒന്നിനായിരുന്നു ഈ മാറ്റത്തിന് തുടക്കമായത്. താപനില ഫാരൻഹീറ്റിൽ ശീലിച്ചവർക്ക് ഇത് തുടക്കകാലത്ത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു എന്ന് എൻവയോൺമെൻ്റൽ കാനഡ ഉദ്യോഗസ്ഥർ ഓർക്കുന്നു.
മാധ്യമങ്ങൾ കുറച്ചുകാലത്തേക്ക് രണ്ട് സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. എന്നാൽ 1977 ആയപ്പോഴേക്കും എല്ലാ കാലാവസ്ഥാ റിപ്പോർട്ടുകളും മെട്രിക് രീതിയിലേക്ക് മാറി. മുൻ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ സർക്കാരാണ് 1971-ൽ മെട്രിക്കിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ടത്. ചില രാഷ്ട്രീയക്കാരും ജനങ്ങളിൽ ഒരു വിഭാഗവും ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇന്ന്, യുവതലമുറകൾ മെട്രിക് രീതിയാണ് ഉപയോഗിക്കുന്നത്. എങ്കിലും പല ട്രേഡുകളിലും ഇംപീരിയൽ രീതിയും ഇപ്പോഴും സാധാരണമാണ്. ഇതിലൂടെ മിക്സഡ് സിസ്റ്റം കനേഡിയൻ ജീവിതത്തിൻ്റെ സവിശേഷമായ ഒരു വശമായി തുടരുന്നു.