ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്കുള്ള പിന്തുണ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ

By: 600110 On: Jan 1, 2025, 2:30 PM

കാനഡയിൽ ജസ്റ്റിൻ  ട്രൂഡോയുടെ ലിബറൽ പാർട്ടിക്കുള്ള പിന്തുണ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എന്ന് റിപ്പോർട്ട് . 2021-ൽ ലിബറലിന് വോട്ട് ചെയ്തവരിൽ 41% പേർ മാത്രമാണ് ഇപ്പോൾ ട്രൂഡോയ്ക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.തിങ്കളാഴ്ചയാണ് ആംഗസ് റീഡ് കണക്കുകൾ  പുറത്തുവിട്ടത്. 

തീരുമാനമെടുത്തതും  ചായ് വ്  ഉള്ളതുമായ വോട്ടർമാരിൽ 16 ശതമാനം മാത്രമാണ് ട്രൂഡോയുടെ പാർട്ടിയെ പിന്തുണയ്ക്കുന്നത്. 2014 മുതലുള്ള ആംഗസ് റീഡ് സർവ്വെകൾ വച്ച് വിലയിരുത്തുമ്പോൾ  ഏറ്റവും കുറവ് പിന്തുണയാണ് ഇപ്പോൾ ലിബറൽ പാർട്ടിക്കുള്ളത്. 2021ലെ ഫെഡറൽ തിരഞ്ഞെടുപ്പിന് മുമ്പുള്ളതിൻ്റെ പകുതിയോളം പേർ മാത്രമെ ഇപ്പോൾ ലിബറലുകളെ പിന്തുണയ്ക്കുന്നുള്ളൂ. അവരിൽ തന്നെ പലരും തങ്ങളുടെ  പിന്തുണ മാറ്റാനും ആലോചിക്കുന്നുണ്ട്. 2021-ൽ ലിബറലിന് വോട്ട് ചെയ്തവരിൽ 20 ശതമാനം പേർ ഇപ്പോൾ NDPയെയും 16 ശതമാനം ടോറികളെയും പിന്തുണയ്ക്കുന്നവരാണ്. ഇതിൽ 12% തീരുമാനമെടുത്തിട്ടില്ലന്നും സർവ്വെ പറയുന്നു. അതേസമയം, പിയറി പൊയ്‌ലിവ്രെയുടെ കൺസർവേറ്റീവുകൾക്ക് ഇപ്പോൾ 45% പിന്തുണയുണ്ട്.