പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ അവസാന ക്രിസ്മസ് അവധിക്കാലം ആഘോഷിക്കുകയാണ് ജസ്റ്റിന്‍ ട്രൂഡോ. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സ്‌കീ റിസോര്‍ട്ടിലാണ് അവധിയാഘോഷിക്കാനായി ട്രൂഡോ എത്തിയത്. എന്നാല്‍ അവധിയാഘോഷത്തിനിടയിലും ട്രൂഡോ നിരവധി ഭീഷണികളും പരിഹാസങ്ങളുമാണ് നേരിടുന്നത്. റോസ്‌ലാന്‍ഡിലെ റെഡ് മൗണ്ടെയ്ന്‍ റിസോര്‍ട്ടിലാണ് ട്രൂഡോ താമസിക്കുന്നത്. ഇവിടെ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് ട്രൂഡോയെ ഒരു സ്ത്രീ അപമാനിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രൂഡോയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതിനിടയില്‍ ബീസിയില്‍ നിന്നും തിരികെ പോകൂയെന്ന് സ്ത്രീ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം.
റിസോര്‍ട്ടില്‍ ട്രൂഡോയ്‌ക്കെതിരെയുള്ള പാട്ടുകള്‍ പാടുന്നവരുമുണ്ടായിരുന്നു. സര്‍ക്കാര്‍ പിരിച്ചുവിടാനും പ്രധാനമന്ത്രി പദം ഒഴിയാനും ആവശ്യപ്പെട്ടുകൊണ്ട് ഗായകര്‍ ഫെയ്‌സ്ബുക്കില്‍ ഗാനങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
ട്രൂഡോയുടെ രാജിക്കായി രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ട്രൂഡോയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുകയാണ്. ഇതിനിടയില്‍ ജനുവരി 27 ന് ഹൗസ് ഓഫ് കോമണ്‍സ് വീണ്ടും യോഗം ചേരുന്നുണ്ട്.
യോഗത്തിനിടയില്‍ ലിബറല്‍ ന്യൂനപക്ഷ ഗവണ്‍മെന്റ് അവിശ്വാസ വോട്ടിലൂടെ പിരിച്ചുവിടപ്പെടുകയും ഇതുവഴി പൊതു തിരഞ്ഞെടുപ്പിന് കാരണമാവുകയും ചെയ്‌തേക്കാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.