അവധിക്കാലത്ത് ഏവരും കരുതിയിരിക്കേണ്ട യാത്രാ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്കുകയാണ് കനേഡിയൻ ആൻ്റി ഫ്രോഡ് സെൻ്റർ. ഫിഷിങ് ഇമെയിലുകളും, ഗിഫ്റ്റ് കാർഡുകളും ചാരിറ്റി തട്ടിപ്പുകളും അടക്കം പലവിധ തട്ടിപ്പുകൾ അരങ്ങേറുന്നുണ്ടെന്ന് കനേഡിയൻ ആൻ്റി ഫ്രോഡ് സെൻ്റർ മുന്നറിയിപ്പ് നല്കുന്നു.
മുൻപരിചയം ഉള്ളവരുമായി മാത്രം ഇടപാടുകൾ നടത്തുകയാണ് കൂടുതൽ നല്ലതെന്ന് കനേഡിയൻ ആൻ്റി ഫ്രോഡ് സെൻ്റർ കമ്മ്യൂണിക്കേഷൻ ഓഫീസർ ജെഫ് ഹോൺകാസിൽ പറഞ്ഞു. അല്ലാത്തപക്ഷം വ്യക്തിഗത വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ നൽകുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ജെഫ് ഹോൺകാസിൽ പറയുന്നു. തിരിച്ചറിയാവുന്ന ഉറവിടങ്ങളിൽ നിന്നെത്തുന്ന ഫിഷിംഗ് ഇമെയിലുകളും ടെക്‌സ്‌റ്റ് സന്ദേശങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇവ നിങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാനോ സ്ഥിരീകരിക്കാനോ ആവശ്യപ്പെട്ടേക്കാം. അവധിക്കാലത്ത് ചാരിറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും സാധാരണയാണ്. ക്രിപ്റ്റോ നിക്ഷേപ തട്ടിപ്പ്, പ്രണയ തട്ടിപ്പുകൾ തുടങ്ങിയവയ്ക്ക് ഇരയാകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഹോൺകാസിൽ പറഞ്ഞു. ഗിഫ്റ്റ് കാർഡ് തട്ടിപ്പുകളും ഒട്ടേറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗിഫ്റ്റ് കാർഡ് വാങ്ങാൻ ആഗ്രഹിക്കുന്ന ഷോപ്പർമാർ ഡ്യൂപ്ലിക്കേറ്റ് ബാർകോഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ കാർഡിൻ്റെ പുറകിൽ ഉരച്ചു നോക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.