യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവടങ്ങളിലെ താപനില ഈ ആഴ്ച അവസാനത്തോടെ കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍. ഇത് ഹീറ്റിംഗിനും അമിതമായ ഊര്‍ജ ഉല്‍പ്പാദനത്തിനുമുള്ള ഗ്യാസ് ഡിമാന്‍ഡ് വര്‍ധിപ്പിക്കും. എന്നാല്‍ ഉക്രെയ്ന്‍ വഴി മധ്യ യൂറോപ്പിലേക്കുള്ള റഷ്യന്‍ ഗ്യാസ് ട്രാന്‍സിറ്റിനുള്ള കരാര്‍ കാലഹരണപ്പെടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്ന് നിരീക്ഷകര്‍ പറയുന്നു. ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ യൂറോപ്പില്‍ നിന്നുള്ള പുതിയ ഡാറ്റ അനുസരിച്ച് യൂറോപ്യന്‍ യൂണിയനിലുടനീളമുള്ള നാച്വറല്‍ ഗ്യാസ് സ്റ്റോറേജ് സൈറ്റുകള്‍ ശരാശരി 73.5 ശതമാനം നിറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്ത യുകെയുടെ സ്റ്റോറേജ് സൈറ്റുകള്‍ 56.5 ശതമാനം നിറഞ്ഞിരുന്നു.
ഈ ആഴ്ച മഞ്ഞ്, മഴ എന്നിവ ശക്തമായിരിക്കുമെന്ന് യുകെ മെറ്റ് ഓഫീസ് പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ രാജ്യത്തുടനീളം യെല്ലോ, ആംബര്‍ അലേര്‍ട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ജര്‍മ്മനിയിലും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വന്‍കിട യൂറോപ്യന്‍ തലസ്ഥാനങ്ങളായ ലണ്ടന്‍, ബെര്‍ലിന്‍, പാരിസ് എന്നിവടങ്ങളിലെ താപനില കഴിഞ്ഞ 30 വര്‍ഷമായി ശരാശരിയിലും താഴെയായി കുറയുമെന്നാണ് കാലവസ്ഥാ പ്രവചനങ്ങള്‍. ഉക്രെയ്ന്‍ വഴി ഓസ്ട്രിയ, ചെക്ക്‌റിപ്പബ്ലിക്, സ്ലോവാക്യ എന്നിവടങ്ങളിലേക്കുള്ള റഷ്യന്‍ വാതക കരാര്‍ ഡിസംബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പുകളെല്ലാം വരുന്നതെന്നതും ശ്രദ്ധേയമാണ്. ഗ്യാസ് ട്രാന്‍സിറ്റ് കരാര്‍ നീട്ടാന്‍ ഉക്രെയ്ന്‍ ഇതുവരെ വിസമ്മതിച്ചു. പുതിയ കരാറിനുള്ള സാധ്യത കുറവാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.