പ്രവിശ്യയിലെ ഏറ്റവും അസാധാരണവും അനാവശ്യവുമായ 911 കോളുകളുടെ വാര്‍ഷിക ലിസ്റ്റ് പുറത്തിറക്കി ബ്രിട്ടീഷ് കൊളംബിയ. ഇവയില്‍ പഴങ്ങളെക്കറിച്ചും അയല്‍ക്കാരെക്കുറിച്ചും സംബന്ധിച്ച പരാതികള്‍ വരെ ഉള്‍പ്പെടുന്നു. പ്രതിവര്‍ഷം ഏകദേശം രണ്ട് മില്യണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അവയെല്ലാം തന്നെ എമര്‍ജന്‍സി ആയിരുന്നില്ലെന്ന് ഇ-കോം( E-comm 911) പറയുന്നു. 2024 ലെ ലിസ്റ്റില്‍ അയല്‍ക്കാരന്‍ അമിതമായി കൊളോണ്‍ പെര്‍ഫ്യൂം ഉപയോഗിച്ചതിനെക്കുറിച്ച് മുതല്‍ ഡ്രൈക്ലീനര്‍മാര്‍ വസ്ത്രത്തില്‍ നിന്നും നീക്കാത്ത കറ, തുറക്കാത്ത മക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റ്, ചീഞ്ഞുപോയ അവാക്കഡോ എന്നിവയക്കുറിച്ചുള്ള പരാതികളാണ് 911 ലേക്ക് അനാവശ്യമായി എത്തിയത്. അടിയന്തര കോളുകളെ ഇങ്ങനെയുള്ള കോളുകള്‍ തടസ്സപ്പെടുത്തുന്നുവെന്നും അധികൃതര്‍ പറയുന്നു.
ആളുകള്‍ അനാവശ്യ കാര്യങ്ങള്‍ക്കായി 911 കോള്‍ ചെയ്യരുതെന്ന് ഇ-കോം നിര്‍ദ്ദേശിക്കുന്നു. പോലീസ്, ഫയര്‍, ആംബുലന്‍സ് സേവനങ്ങള്‍ പോലുള്ള അടിയന്തര ശ്രദ്ധ ആവശ്യമുള്ളവയില്‍ അത്യാഹിതങ്ങള്‍, അപകടങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ 911 ലൈനുകള്‍ റിസര്‍വ് ചെയ്യണമെന്ന് ഇ-കോം പറഞ്ഞു.