ബഹിരാകാശ ​ഗവേഷണരം​ഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം; സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്

By: 600007 On: Dec 30, 2024, 5:26 PM

 

 

 

ശ്രീഹരിക്കോട്ട: സ്പേസ് ഡോക്കിം​ഗ് ലക്ഷ്യമിട്ട് സ്പേഡെക്സ് ഉപ​ഗ്രഹങ്ങളുമായി പിഎസ്എൽവി ദൗത്യം വിജയകരം. പേസർ, ടാർജറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തി, വേര്‍പെട്ടു. ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിം​ഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഉപഗ്രഹങ്ങള്‍ ജനുവരി 7ന് ബഹിരാകാശത്ത് വെച്ച് കൂടിച്ചേരും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയച്ചത്.

പിഎസ്എല്‍വി റോക്കറ്റില്‍ ലോഡ് ചെയ്‌തിരിക്കുന്ന ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നീ സാറ്റ്‌ലൈറ്റുകള്‍ രണ്ടായി പിരിയുകയും പിന്നീട് ഒന്നാക്കി ഡോക്ക് ചെയ്യിക്കുകയുമാണ് ഇസ്രൊയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ വിജയിപ്പിച്ചിട്ടുള്ളൂ എന്നതിലുണ്ട് ഇസ്രൊയ്ക്ക് എത്രത്തോളം നിര്‍ണായകമാണ് സ്പേഡെക്സ് ദൗത്യമെന്ന്.