സോൾ: ദക്ഷിണ കൊറിയയിൽ 179 പേർ കൊല്ലപ്പെട്ട വിമാന അപകടത്തിന് തൊട്ടുമുമ്പ് യാത്രക്കാരൻ തന്റെ അവസാന സന്ദേശം കുടുംബത്തിന് അയച്ചതായി റിപ്പോർട്ട്. വിമാനത്തിന്റെ ചിറകിൽ ഒരു പക്ഷിയിടിച്ചു, എൻ്റെ അവസാന വാക്കുകൾ ഞാൻ പറയട്ടെ എന്നായിരുന്നു സന്ദേശമെന്ന് കുടുംബം പറഞ്ഞു. സന്ദേശമയച്ചതിന് തൊട്ടുപിന്നാലെ വിമാന അപകടമുണ്ടായി. യാത്രക്കാരുടെ കുടുംബങ്ങൾ ഉറ്റവരെ തേടി വിമാനത്താവളത്തിലേക്ക് ഓടിയെത്തിയെങ്കിലും നെഞ്ച് കലങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. 181 പേരുമായി പറന്ന ഒരു വിമാനം തകർന്ന് തീപിടിക്കുകയും 179 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. വിമാനത്തിൻ്റെ ചിറകിൽ പക്ഷി കുടുങ്ങിയതായി അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് വിമാനത്തിലുണ്ടായിരുന്ന വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതായി യാത്രക്കാരന്റെ കുടുംബം പറഞ്ഞു.
രാവിലെ 9 മണിക്ക് ശേഷം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സുരക്ഷാ മതിലിൽ ഇടിക്കുകയായിരുന്നു. വിമാനം ബെല്ലി ലാൻഡിംഗ് ശ്രമിച്ചതാണെന്ന് വീഡിയോകളിൽ വ്യക്തമായി. പക്ഷി ഇടിക്കുന്നതും കാലാവസ്ഥാ സാഹചര്യങ്ങളുമാണ് അപകടത്തിന്റെ പ്രാഥമിക കാരണങ്ങളായി വിലയിരുത്തുന്നതെങ്കിലും കൂടുതൽ അന്വേഷണം നടക്കുകയാണ്.