മൊബൈൽ ഫോൺ വഴിയുള്ള വ്യാജ പ്രൊമോഷണൽ ഓഫർ തട്ടിപ്പ് വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി എഡ്മൻ്റൺ പോലീസ്. ഡിസംബർ 18 വരെ ഇത്തരം 91 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പലർക്കുമായി ആറ് ലക്ഷത്തോളം ഡോളർ നഷ്ടമായതായും പൊലീസ് അറിയിച്ചു
ടെലസ് കമ്പനിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ ഫോൺ കോൾ ലഭിക്കുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാവുക. തുടർന്ന് തങ്ങളുടെ പ്രൊമോഷണൽ ഓഫറുകളിലൊന്ന് വാങ്ങാൻ ഇവർ പ്രേരിപ്പിക്കും. വാങ്ങാൻ സമ്മതിച്ചാൽ അക്കൗണ്ട് പാസ്‌വേഡുകൾ, സെക്യൂരിറ്റി കോഡുകൾ, മറ്റ് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെടും. തുടർന്ന് ഇതുപയോഗിച്ച് തട്ടിപ്പിന് ഇരയാകുന്നവരുടെ സെൽ ഫോൺ ദാതാവിൻ്റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് ഇരയുടെ വീട്ടുവിലാസത്തിലേക്ക് ഒരു പുതിയ ഫോൺ അയയ്ക്കാൻ ഓർഡർ ചെയ്യും. ഫോൺ എത്തിക്കഴിഞ്ഞാൽ, ഫോണിൽ എന്തോ കുഴപ്പമുണ്ടെന്ന് അറിയിക്കുകയും അവർ നൽകുന്ന വിലാസത്തിലേക്ക് തിരികെ അയക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ആരെങ്കിലും ഈ തട്ടിപ്പിന് ഇരയാവുകയോ വ്യക്തിഗത വിവരങ്ങൾ നല്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് എഡ്മൻ്റൺ പൊലീസിലെ സാമ്പത്തിക തട്ടിപ്പ് വിഭാഗം അറിയിച്ചിട്ടുണ്ട്.