ബ്രിട്ടീഷ് കൊളംബിയയിൽ നികുതി വെട്ടിപ്പ് നടത്തിയ ആൾക്ക് രണ്ട് മില്യൺ ഡോളർ പിഴ

By: 600110 On: Dec 28, 2024, 10:53 AM

ബ്രിട്ടീഷ് കൊളംബിയയിൽ തുടർച്ചയായി  നികുതി വെട്ടിപ്പ് നടത്തിയ ആൾക്ക് രണ്ട്  മില്യൺ ഡോളർ പിഴ ചുമത്തി. ഏകദേശം 7.5 മില്യൺ ഡോളർ വരുമാനം റിപ്പോർട്ട് ചെയ്യുന്നതിൽ പിഴവ് വരുത്തിയതിന് റിച്ച്മണ്ട് സ്വദേശിയായ ബാൽക്കർ ഭുള്ളർ എന്നയാൾക്കാണ്  പിഴ ചുമത്തിയത്. 14 പ്രോപ്പർട്ടികളുമായി ബന്ധപ്പെട്ടുള്ള നികുതി വെട്ടിപ്പാണ് കാനഡ റവന്യൂ ഏജൻസി  കണ്ടെത്തിയത്. 

ഡിസംബർ 19-ന് ഇയാൾക്ക്   രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും വിധിക്കുകയും ചെയ്തിരുന്നു. 2011 മുതൽ 2014 വരെ 14 പ്രോപ്പർട്ടികൾ ഇയാൾ വാങ്ങി വില്പന നടത്തിയിരുന്നു. ഇത് വഴി ഏകദേശം 7.49 മില്യൺ ഡോളറിൻ്റെ അനധികൃത വരുമാനം ഭുള്ളർ ഉണ്ടാക്കിയതായി റവന്യൂ ഏജൻസി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കേസിൽ  ഭുള്ളർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 3 ന് കുറ്റസമ്മതം നടത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ നികുതി തട്ടിപ്പ് കണ്ടെത്തുന്നതിലും പരിഹരിക്കുന്നതിലും കാര്യമായ പുരോഗതി കൈവരിച്ചതായും സിആർഎ പ്രസ്താവനയിലൂടെ അറിയിച്ചു. വീടുകൾ ചെറിയ കാലയളവിനിടെ വാങ്ങി വില്പന നടത്തി അനധികൃത ലാഭമെടുക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള പുതിയ നിയമം ജനുവരി ഒന്ന് മുതൽ നിലവിൽ വരും.  ഇതനുസരിച്ച് വീടുകൾ വാങ്ങി രണ്ട് വർഷത്തിനകം വില്പന നടത്തിയാൽ 20 ശതമാനം നികുതി നല്കേണ്ടി വരും.