കാനഡയിലെ മനുഷ്യക്കടത്തിൽ അന്വേഷണം തുടങ്ങി ഇഡി

By: 600110 On: Dec 27, 2024, 4:17 PM

 

കനേഡിയൻ അതിർത്തി വഴി അമേരിക്കയിലേക്ക് ഇന്ത്യൻ വിദ്യാര്‍ത്ഥികളെ കടത്തിയതിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.കാനഡയിലെ ഡസൻ കണക്കിന് കോളേജുകളും മുംബൈയിലെ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇഡി അറിയിച്ചു.  ഇന്ത്യയിലെ ചില വ്യക്തികളും സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ ഉണ്ട്.  

2022ൽ കാനഡ-യുഎസ് അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്തിൽ  നിന്നുള്ള നാലംഗ ഇന്ത്യൻ കുടുംബം  മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അനധികൃതമായി കാനഡ വഴി അമേരിക്കയിലേക്ക് ആളുകളെ കടത്താൻ   ഗൂഢാലോചന നടത്തിയ ഭവേഷ് അശോക്ഭായ് പട്ടേലിനെതിരെ നടക്കുന്ന അന്വേഷണത്തിൻ്റെ ഭാഗമായി മുംബൈ, നാഗ്പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ 8 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയതായി ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ  ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ്  പട്ടേലിനെതിരെ കേസെടുത്തിരിക്കുന്നത്. കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായി കനേഡിയൻ കോളേജുകളിലേക്കും സർവ്വകലാശാലകളിലേക്കും വ്യക്തികൾക്ക് പ്രവേശനം നൽകുന്നതിന് പ്രതികൾ സൗകര്യമൊരുക്കിയെന്നാണ് ഇഡി പറയുന്നത്.