കാൽഗറിയിൽ ഒന്നിലധികം വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം

By: 600110 On: Dec 27, 2024, 4:11 PM

 

കാൽഗറിയിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം. പരിക്കേറ്റ മൂന്ന് പേർ  ഗുരുതരാവസ്ഥയിലാണ്. മാക്ലിയോഡ് ട്രയലിൻ്റെയും സൗത്ത്‌ലാൻഡ് ഡ്രൈവിൻ്റെയും ജംഗ്ഷനിൽ രാവിലെ പത്ത് മണിക്കാണ് അപകടം ഉണ്ടായത്. അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. 

ഒരു ഫാർമസി കൊള്ളയടിച്ച്   ഉടമയെ ആക്രമിച്ച ശേഷം  രക്ഷപ്പെടാൻ ശ്രമിച്ചയാൾ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് കൂട്ടിയിടിക്ക് ഇടയാക്കിയതെന്ന് കാൽഗറി പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. വാഹനങ്ങളിൽ കുടുങ്ങിയ രണ്ട് പേരെ ജോസ് ഓഫ് ലൈഫ് ഉപയോഗിച്ചാണ് പുറത്തെടുത്തത്. എമർജൻസി ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് തന്നെ മറ്റൊരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി എന്ന്  കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ ബറ്റാലിയൻ മേധാവി സ്കോട്ട് കോവൻ പറഞ്ഞു.  വാഹനാപകടത്തിൻ്റെ തീവ്രത പരിശോധിക്കുമ്പോൾ കാൽഗറിയിൽ ഈ വർഷം ഉണ്ടായ ഏറ്റവും വലിയ കൂട്ടിയിടി ആണ് ഇതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.