ഫെഡറല്‍ സര്‍ക്കാരിന്റെ ടാക്‌സ് ഹോളിഡേ കൂടുതല്‍ ആകര്‍ഷകമാക്കിയതോടെ ബോക്‌സിംഗ് ഡേ ഡീലുകള്‍ പ്രയോജനപ്പെടുത്താന്‍ ഷോപ്പിംഗിനായി കനേഡിയന്‍ ഉപഭോക്താക്കള്‍ മാളുകളിലേക്കും ചെറുകിട സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തി. രണ്ട് മാസത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വീഡിയോ ഗെയിം, കണ്‍സോള്‍, സ്‌നാക്ക്‌സ്, വൈന്‍, റസ്‌റ്റോറന്റ് ഫുഡ് എന്നിവയുള്‍പ്പെടെയുള്ള ചില ഇനങ്ങളുടെ ജിഎസ്ടി/ എച്ച്എസ്ടി ഇളവ് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ ബോക്‌സിംഗ് ഡേയില്‍ ഷോപ്പിംഗിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നികുതി ഇളവ് ഉപഭോക്താക്കളെ പ്രാദേശിക റീട്ടെയ്‌ലര്‍മാരില്‍ ബോക്‌സിംഗ് ഡേ വില്‍പ്പന പ്രയോജനപ്പെടുത്താന്‍ പ്രേരിപ്പിച്ചു. എന്നാല്‍ തിരക്ക് വര്‍ധിച്ചെങ്കിലും രാജ്യത്തെ ജീവിതച്ചെലവ് നിലനിര്‍ത്താന്‍ കുറഞ്ഞ വില പര്യാപ്തമല്ലെന്ന് ചിലര്‍ പ്രതികരിച്ചു.
ബ്ലാക്ക് ഫ്രൈഡേ വാരാന്ത്യത്തില്‍, ജിഎസ്ടി/ എച്ച്എസ്ടി ഹോളിഡേ സ്‌പെന്‍ഡിംഗ് 2023 ലെ ലെവലില്‍ അല്‍പ്പം താഴെയായിരുന്നു. നവംബറില്‍ റീട്ടെയ്ല്‍ ചിലവ് മന്ദഗതിയിലായതും ഈ മാസത്തെ ആര്‍ബിസി ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് കാണിക്കുന്നു. എന്നാല്‍ ഇടിവുണ്ടായിട്ടും 2022 ന് ശേഷം ആദ്യമായി നാലാം പാദത്തില്‍ കനേഡിയന്‍ പൗരന്മാരുടെ റീട്ടെയല്‍ ചെലവില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.